ഇതാണ് സത്യസന്ധത; ലഭിച്ചത് 28 കോടിയുടെ തിമിം​ഗല ഛർദിൽ, പൊലീസിലേൽപ്പിച്ച് മത്സ്യത്തൊഴിലാളികൾ  

Published : Jul 23, 2022, 12:02 AM ISTUpdated : Jul 28, 2022, 08:06 PM IST
ഇതാണ് സത്യസന്ധത; ലഭിച്ചത് 28 കോടിയുടെ തിമിം​ഗല ഛർദിൽ, പൊലീസിലേൽപ്പിച്ച് മത്സ്യത്തൊഴിലാളികൾ  

Synopsis

കടലിൽ തിമിംഗലം സാന്നിധ്യം ഉണ്ടാകുമ്പോൾ കിട്ടുന്ന അതേ മണമാണ് ബോട്ടിലേറ്റിയപ്പോൾ തിമിംഗലഛര്‍ദ്ദിക്കും ഉണ്ടായിരുന്നതെന്നും സംഘത്തിലുണ്ടായിരുന്ന ലോറൻസ് എന്ന മത്സ്യത്തൊഴിലാളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത് വിപണിയില്‍ 28 കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദിൽ. 28 കിലോഗ്രാമും 400 ഗ്രാമും തൂക്കം വരുന്ന ആംബർ​ഗ്രിസാണ് ഇവർക്ക് ലഭിച്ചത്. വിഴിഞ്ഞത്തെ തീരദേശത്ത് നിന്ന് 32 കിലോമീറ്റര്‍ അകലെ കടലില്‍ നിന്നാണ് കിട്ടിയത്. കടലിന് മുകളില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു ആംബർ​ഗ്രിസ് കണ്ടെത്തിയതെന്ന്  മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ലഭിച്ച ആംബർ​ഗ്രിസ്  മല്‍സ്യത്തൊഴിലാളികള്‍ വിഴിഞ്ഞ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധനയ്ക്കായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയി. മല്‍സ്യത്തൊഴിലാളികള്‍ ഇത് കിട്ടിയ  ഉടന്‍ പോലീസിന് വിവരമറിയിക്കുകയായിരുന്നു. 

കടലിൽ തിമിംഗലം സാന്നിധ്യം ഉണ്ടാകുമ്പോൾ കിട്ടുന്ന അതേ മണമാണ് ബോട്ടിലേറ്റിയപ്പോൾ തിമിംഗലഛര്‍ദ്ദിക്കും ഉണ്ടായിരുന്നതെന്നും സംഘത്തിലുണ്ടായിരുന്ന ലോറൻസ് എന്ന മത്സ്യത്തൊഴിലാളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇതാദ്യമായാണ് തിമിംഗല ഛര്‍ദ്ദി കാണുന്നതെന്നും കണ്ടപ്പോൾ ഛര്‍ദ്ദി തന്നെയാണോ ഇതെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നുവെന്നും ലോറൻസ് പറഞ്ഞു. പിന്നീട് സംഭവം ബോട്ടിലേറ്റി കരയ്ക്ക് എത്തിക്കുകയും തിമിംഗലഛര്‍ദ്ദി തന്നെയെന്ന് ഉറപ്പാക്കിയ ശേഷം  മല്‍സ്യത്തൊഴിലാളികള്‍  പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മുപ്പത് വര്‍ഷത്തിലേറെയായി താൻ മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നുണ്ടെന്നും എന്നാൽ തിമിംഗലങ്ങളെ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും തിമിംഗല ചര്‍ദ്ദി കാണുന്നത് ഇതാദ്യമായാണെന്നും ലോറൻസ് പറയുന്നു. 
 

വ്യാജ ആംബർ​ഗ്രിസ് നൽകി കോടികളുടെ തട്ടിപ്പ്; മലപ്പുറത്ത് പ്രതികൾ വലയിലായത് ഇങ്ങനെ

മലപ്പുറം: വ്യാജ തിമിംഗല ഛർദിലി(ആംബർഗ്രീസ്)ന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തുന്ന കണ്ണൂർ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ അഞ്ച് പേർ മലപ്പുറത്ത് പിടിയിലായതോടെ പുറത്ത് വരുന്നത് പുത്തൻ തട്ടിപ്പ് വിദ്യകൾ. ലക്ഷങ്ങൾ വിലയുണ്ടെന്ന് പറഞ്ഞ് മുൻകൂറായി ആദ്യ​ഗഡു തുക കൈപറ്റുകയാണ് സംഘം ആദ്യം ചെയ്യുന്നത്. മുഴുവൻ തുക തന്നാൽ സാധനം തരാമെന്ന് പറയും. പണം മുഴുവൻ കി‌ട്ടിയാലകട്ടെ കൈമാറുന്നത് വ്യാജ തിമിംഗല ഛർദിലും. മലപ്പുറം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് വെച്ച് 25 കിലോയോളം വ്യാജ ആംബർഗ്രീസുമായി ആഡംബര കാർ സഹിതമാണ് പ്രതികൾ വലയിലായത്.

മേലാറ്റൂർ എടയാറ്റൂർ സ്വദേശികളായ വെമ്മുള്ളി അബ്ദുർറൗഫ്(40), വെമ്മുള്ളി മാജിദ്(46), കണ്ണൂർ തളിപ്പറമ്പ് പൂമംഗലം സ്വദേശി വള്ളിയോട്ട് കനകരാജൻ(44), തിരൂർ പറപ്പൂർ സ്വദേശി പടിവെട്ടിപ്പറമ്പിൽ രാജൻ(48), ഒയൂർ സ്വദേശി ചിറ്റമ്പലം ജലീൽ(35) എന്നിവരാണ് പടിയിലായത്.

തട്ടിപ്പിനിരയായ പെരിന്തൽമണ്ണ സ്വദേശിയുടെ പരാതിയിലാണ് മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. 25 കിലോയോളം തൂക്കം വരുന്ന ആംബർഗ്രീസ് തങ്ങളുടെ കൈവശമുണ്ടെന്നും മാർക്കറ്റിൽ കിലോഗ്രാമിന് 45 ലക്ഷത്തോളം രൂപ വിലയുള്ളതായും പെരിന്തൽമണ്ണ സ്വദേശിയെ പറഞ്ഞ് വിശ്വസിപ്പിച്ച് മുൻകൂറായി 10,000 രൂപ വാങ്ങി ആറ് കിലോയോളം വരുന്ന വ്യാജ ആംബർഗ്രീസ് കൈമാറുകയായിരുന്നു. ബാക്കി പണം സാധനം കൈമാറുമ്പോൾ കൊടുക്കാമെന്നായിരുന്നു വ്യവസ്ഥ.  വിശദമായി പരിശോധിച്ചപ്പോൾ സാധനം വ്യാജമാണെന്നും തട്ടിപ്പ് മനസ്സിലാക്കി പരാതി കൊടുക്കുകയുമായിരുന്നു. കടലിൽ നിന്നും വളരെ അപൂർവമായി ലഭിക്കുന്ന, വിപണിയിൽ ലക്ഷക്കണക്കിന് രൂപ മൂല്യമുള്ളതുമായ ആംബർഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദിൽ മോഹവിലക്ക് വിദേശത്തും കേരളത്തിന് പുറത്തും എടുക്കാൻ ആളുണ്ടെന്നതും തട്ടിപ്പിനിരയാകുന്നവർ മാനഹാനി ഭയന്ന് പരാതി കൊടുക്കാറില്ലെന്നതുമാണ് തട്ടിപ്പ് സംഘങ്ങൾക്ക് വളമാകുന്നത്.  

പ്രതികളുടെ കാറിൽ നിന്നും 20 കിലോയോളം വ്യാജ ആംബർഗ്രീസ് പിടിച്ചെടുത്തു. എടയാറ്റൂർ സ്വദേശി അബ്ദുർറൗഫിന്റെ പേരിൽ മുമ്പും സമാനതരത്തിലുള്ള തട്ടിപ്പുകസുകളുണ്ട്. മറ്റ് ജില്ലകളിലും ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തിയതിനെ കുറിച്ച് സൂച ന ലഭിച്ചതായി പൊലീസ് അറിയിച്ചു. പൊലീസ് സംഘത്തിൽ മലപ്പുറം പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡും മലപ്പുറം സ്റ്റേഷനിലെ  പോലീസ് ഉദ്യോഗസ്ഥരായ എസ് ഐ. അമീറലി, എ എസ് ഐ സിയാദ് കോട്ട,  ഹമീദലി, ഹാരീസ്, ഷാജു, ഷിൻസ് ആന്റണി ഉണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്