
തിരുവനന്തപുരം: ഗുരുതരമായ ചട്ടലംഘനവും കൃത്യവിലോപവും നടത്തിയതിനെ തുടർന്ന് രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ഡ്രൈവർമാരായ പയ്യന്നൂർ ഡിപ്പോയിലെ എയു ഉത്തമൻ, തിരുവനന്തപുരം വെള്ളനാട് ഡിപ്പോയിലെ ഡ്രൈവർ ജെ സുരേന്ദ്രൻ, കണ്ടക്ടർമാരായ താമരശേരി ഡിപ്പോയിലെ എ ടോണി, തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ പിഎസ് അഭിലാഷ്, പാലക്കാട് ഡിപ്പോയിലെ പിഎം മുഹമ്മദ് സ്വാലിഹ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ശബരിമല ഡ്യൂട്ടി ഒഴിവാക്കി സ്കൂൾ ബസ് ഓടിക്കാൻ പോയതിനാണ് എ യു ഉത്തമനെ സസ്പെൻഡ് ചെയ്തത്. ജെ സുരേന്ദ്രൻ ക്രിമിനൽ കേസ് പ്രതിയായതോടെയും സസ്പെൻഡ് ചെയ്തു. പണം മോഷ്ടിച്ചതിന് ടോണിയെയും യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്തതിന് സ്വാലിഹിനെതിരെയും നടപടിയെടുത്തു.
കഴിഞ്ഞ ദിവസമാണ് കെഎസ്‌ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായാണ് തുക അനുവദിച്ചത്. നവംബർ മുതൽ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുൻ തീരുമാനം. ഇതിന്റെ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഈ മാസത്തെ പെൻഷൻ വിതരണത്തിന് ആവശ്യമായ തുക സർക്കാർ സഹായമായി ലഭ്യമാക്കാൻ തീരുമാനിച്ചത്.
കോർപറേഷന് ഒമ്പത് മാസത്തിനുള്ളിൽ 1335 കോടി രൂപയാണ് സർക്കാർ നൽകിയത്. ഈവർഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടിയും. രണ്ടാം പിണറായി സർക്കാർ 5034 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സഹായമായി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam