ഇടുക്കിയിലെ നിശാപാർട്ടി; കോൺ​ഗ്രസ് നേതാവ് ഉൾപ്പടെ അഞ്ച് പേർ കൂടി അറസ്റ്റിൽ

By Web TeamFirst Published Jul 8, 2020, 8:42 PM IST
Highlights

സേനാപതി സർവീസ് സഹകരണബാങ്ക് പ്രസിഡന്റും  കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റുമായ ജെയിംസ് തെങ്ങുംകുടിയാണ് ഇന്ന് അറസ്റ്റിലായത്. വിഷയത്തിൽ മന്ത്രി എം എം  മണിക്കും സിപിഎമ്മിനുമെതിരെ കെപിസിസി അടക്കം ആരോപണം ഉന്നയിച്ചതിനിടെയുള്ള പാർട്ടി  നേതാവിന്റെ അറസ്റ്റ് കോൺഗ്രസിനെ വെട്ടിലാക്കുന്നതാണെന്നാണ് വിലയിരുത്തൽ. 

ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി നടത്തിയ സംഭവത്തിൽ അഞ്ച് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിലൊരാൾ കോൺ​ഗ്രസിന്റെ പ്രാദേശിക നേതാവാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 33 ആയി. ആകെ 47 പേർക്കെതിരെയാണ് കേസ്.

സേനാപതി സർവീസ് സഹകരണബാങ്ക് പ്രസിഡന്റും  കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റുമായ ജെയിംസ് തെങ്ങുംകുടിയാണ് ഇന്ന് അറസ്റ്റിലായത്. വിഷയത്തിൽ മന്ത്രി എം എം  മണിക്കും സിപിഎമ്മിനുമെതിരെ കെപിസിസി അടക്കം ആരോപണം ഉന്നയിച്ചതിനിടെയുള്ള പാർട്ടി  നേതാവിന്റെ അറസ്റ്റ് കോൺഗ്രസിനെ വെട്ടിലാക്കുന്നതാണെന്നാണ് വിലയിരുത്തൽ. 

കഴിഞ്ഞ 28 നാണ് തണ്ണിക്കോട്ട് മെറ്റൽസ് എന്ന സ്ഥാപനം മന്ത്രി എം എം മണി വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിശാപാർട്ടി നടത്തിയത് വൻ വിവാദമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ബെല്ലി ഡാൻസും മദ്യസൽക്കാരമൊക്കെയുള്ള പാർട്ടി. 

നിശാപാർട്ടി നടത്തിയ റിസോർട്ടിന് ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ്‌ മെമ്മോ നൽകിയിട്ടുണ്ട്.. രാജാപ്പാറയിലെ ജംഗിൾ പാലസ് റിസോർട്ടിനാണ് സ്റ്റോപ്പ്‌ മെമ്മോ നല്‍കിയത്. തണ്ണിക്കോട്ട് മെറ്റൽസ് റവന്യു വകുപ്പ് അടപ്പിക്കുകയും ചെയ്തു. ലൈസൻസ് ഇല്ലാത്ത ക്രഷർ തുറന്നതിനെ തുടർന്നാണ് നടപടി. തണ്ണിക്കോട്ട് മെറ്റൽസ് ഉടമ റോയി കുര്യനെതിരെ നടപടിയെടുക്കുമെന്നും റവന്യു വകുപ്പ് അറിയിച്ചിട്ടുണ്ട്..

മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റൽസിന് ലൈസൻസില്ലെന്ന് ഉടുമ്പൻചോല പഞ്ചായത്തും ജിയോളജി വകുപ്പും വ്യക്തമാക്കിയിരുന്നു. ക്രഷർ യൂണിറ്റിനാവശ്യമായ അപേക്ഷ പോലും നൽകാതെയാണ് ഉദ്ഘാടനം നടത്തിയത്. ഇതോടെ അനധികൃത പാറഖനനത്തിന് മന്ത്രി ഒത്താശ ചെയ്യുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു.

Read Also: തിരുവനന്തപുരത്തെ തീരമേഖലയിൽ മത്സ്യബന്ധനത്തിന് നിരോധനം; പൂന്തുറയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു...

 

click me!