ട്രേഡിങിൽ ലക്ഷങ്ങൾ പോയപ്പോൾ മലപ്പുറത്ത് ഇടനിലക്കാരനെ ബന്ദിയാക്കി; ബന്ധുക്കൾ പണം നൽകണമെന്ന് ആവശ്യം, അറസ്റ്റ്

By Web TeamFirst Published Mar 30, 2024, 6:29 AM IST
Highlights

ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ചൊവ്വാഴ്ച രാത്രിയില്‍ യുവാവിനെ വിളിച്ചു വരുത്തിയ ശേഷം വണ്ടൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ തടവിലാക്കുകയായിരുന്നു.

മലപ്പുറം: ഓണ്‍ലൈന്‍ ട്രേഡിംഗില്‍ നഷ്ടമായ പണം തിരികെകിട്ടാന്‍ മലപ്പുറം എടവണ്ണയില്‍ ഇടപാടുകാർ ബന്ദിയാക്കിയ യുവാവിനെ പോലീസ് മോചിപ്പിച്ചു. സംഭവത്തില്‍ ഇടപാടുകാരായ അഞ്ചു പേര്‍ അറസ്റ്റിലായി. ഓണ്‍ലൈന്‍ ട്രേഡിംഗ് ഇടനിലക്കാരനായ യുവാവിനെ ബന്ധിയാക്കി ബന്ധുക്കളില്‍ നിന്നും പണം മേടിച്ചെടുക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു.

മലപ്പുറം കാളികാവ് സ്വദേശിയായ യുവാവ് ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭമുണ്ടാകുമെന്ന് പറഞ്ഞാണ് ഇടപാടുകാരായ അഞ്ചു പേരെ സമീപച്ചത്. ആദ്യഘട്ടത്തില്‍ ലാഭം കിട്ടിയെങ്കിലും പിന്നീട് പണം നഷ്ടമായി. നഷ്ടമായ ലക്ഷക്കണക്കിന് രൂപ തിരികെ വേണമെന്നാവശ്യപ്പെട്ട് ഇടപാടുകാര്‍ യുവാവിനെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതോടെയാണ് യുവാവിനെ ബന്ദിയാക്കി പണം മേടിച്ചെടുക്കാന് തീരുമാനിച്ചത്. 

ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ചൊവ്വാഴ്ച രാത്രിയില്‍ യുവാവിനെ വിളിച്ചു വരുത്തിയ ശേഷം വണ്ടൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ തടവിലാക്കി. എന്നാൽ യുവാവിന്റെ കൈയില്‍ പണമില്ലെന്ന് മനസിലാക്കിയതോടെ ബന്ധുക്കളെ വിളിച്ച് കാര്യം പറഞ്ഞു. യുവാവിനെ വിട്ടയക്കണമെങ്കില്‍ നഷ്ടമായ പണം നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. വിവരം ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചതോടെ അന്വേഷണം തുടങ്ങി.തുടര്‍ന്ന് യുവാവിനെ പാര്‍പ്പിച്ച എടവണ്ണയിലെ വീട് പോലീസ് കണ്ടെത്തി. കഴി‌ഞ്ഞ ദിവസം പുലര്‍ച്ചെയോടെ യുവാവിനെ മോചിപ്പിച്ചു.

സംഭവത്തില്‍ എടവണ്ണ സ്വദേശികളായ അജ്മല്‍,ഷറഫുദ്ദീന്‍, പത്തപ്പിരിയം സ്വദേശി ചെറുകാട് അബൂബക്കര്‍,കണ്ടാലപ്പറ്റി സ്വദേശികളായ ഷറഫുദ്ദീന്‍, വിപിന്‍ദാസ്, എന്നിവരാണ് അറസ്റ്റിലായത്. എടവണ്ണ പോലീസും വണ്ടൂര്‍ പോലീസും മലപ്പുറം എസ്.പിയുടെ പ്രത്യേക സ്ക്വാഡും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലായിരുന്നു ഇവരെ പിടികൂടിയത്. അഞ്ചു പേര്‍ക്കുമായി അരക്കോടി രൂപയിലധികം ഓണ്‍ലൈന്‍ ട്രേഡിംഗില്‍ നഷ്ടമായതായി പോലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!