
എറണാകുളം: കുമ്പളത്ത് അഞ്ചു വയസുകാരിയെ തെരുവ് നായ കടിച്ചു.കുമ്പളം സ്വദേശി സുജിത്ത് - അമൃത ദമ്പതികളുടെ മകൾ ആത്മികയെയാണ് നായ ആക്രമിച്ചത്.പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സ്കൂൾ വിട്ടു വന്നതിനു ശേഷം വീടിന് സമീപം നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുത്തശ്ശി ഓടിയെത്തിയാണ് തെരുവ് നായയെ അടിച്ചോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഇന്നലെ ആലപ്പുഴയിലും വിദ്യാർത്ഥിയെ സ്കൂളിലേക്ക് വരുന്ന വഴി തെരുവുനായ കടിച്ചിരുന്നു. എടത്വ സെയിന്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥിക്കാണ് നായയുടെ കടിയേറ്റത്. കാലിന് കടിയേറ്റ കുട്ടിയെ എടത്വ കുടുംബാരോഗ്യ കേന്ദ്രത്തിലും, തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എത്തിച്ചെങ്കിലും വാക്സീൻ ലഭ്യമില്ലായിരുന്നു. തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറിയ തെരുവ് നായ മുറിയില്‍ ഉറങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കടിച്ച വാർത്തയും എത്തി. കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. റോഡിനോട് ചേര്‍ന്നുള്ള അഭയയുടെ വീടിന്‍റെ കതക് അടച്ചിരുന്നില്ല. അച്ഛനും അമ്മയും വീടിന്‍റെ പിറക് വശത്തായിരുന്നു. ആ സമയത്തായിരുന്നു നായ മുറിയില്‍ കയറി വന്ന് കയ്യില്‍ കടിച്ച് പരിക്കേല്‍പിച്ചത്.
അതേസമയം തെരുവുനായകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് 21 പേരാണെന്നും ഇതില്‍ 15 പേരും വാക്സീന്‍ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. തെരുവുനായകളെ കൊന്നതുകൊണ്ട് പരിഹാരമാകില്ല. നായ്‍ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ പ്രശ്നത്തിന് പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read more: പേവിഷ ബാധയേറ്റ ആടിനെ കുത്തിവെച്ച് കൊന്നു
സെപ്തംബര്‍ പേവിഷ പ്രതിരോധ മാസം. സെപ്‍തംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന തീവ്ര വാക്സീന്‍ യജ്ഞം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു. റാബീസ് വാക്സീനുകളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് കേന്ദ്രമാണ്. വളര്‍ത്തുനായ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. അപേക്ഷിച്ചാല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനകം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam