ഇല്ലാത്ത കിടപ്പാടത്തിന്‍റെ വായ്പാ കുടിശ്ശിക അടക്കേണ്ട ഗതികേട്; ദുരിതമൊഴിയാതെ മരടിലെ ഫ്ലാറ്റുടമകള്‍

By Web TeamFirst Published Jan 9, 2021, 8:29 AM IST
Highlights

തങ്ങളുടെ കിടപ്പാടം നഷ്ടപ്പെട്ടതോടെ വാടകയ്ക്കും, ബന്ധുവീടുകളിലേക്കും താമസം മാറ്റിയ പലരും സാമ്പത്തികമായും, മാനസികമായും കടുത്ത സമ്മർദ്ദത്തിലാണ് ഇപ്പോള്‍. 

കൊച്ചി: നീതിപീഠത്തിൻറെ കർക്കശ നിലപാടിൽ മരടില്‍ നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റുകൾ നിലംപതിച്ചിട്ട് ഒരു വർഷമായി. എന്നാല്‍, കഴിഞ്ഞ ഒരു വർഷമായി ഇല്ലാത്ത കിടപ്പാടത്തിന്‍റെ വായ്പാ കുടിശ്ശിക അടക്കേണ്ട ഗതികേടിലാണ് മരടിലെ പൊളിച്ച് മാറ്റിയ ഫ്ലാറ്റിന്‍റെ ഉടമകൾ. തങ്ങളുടെ കിടപ്പാടം നഷ്ടപ്പെട്ടതോടെ വാടകയ്ക്കും, ബന്ധുവീടുകളിലേക്കും താമസം മാറ്റിയ പലരും സാമ്പത്തികമായും, മാനസികമായും കടുത്ത സമ്മർദ്ദത്തിലാണ് ഇപ്പോള്‍. 

ബിൽഡർമാരിൽ നിന്ന് തുക പിടിച്ചെടുത്ത് കൂടുതൽ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നാണ് മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചതോടെ വീടുകള്‍ നഷ്ടപ്പെട്ട ഇവരുടെ ആവശ്യം.  ചുരുക്കം ചിലർ നഗരത്തിലെ കൂടൊഴിഞ്ഞ് നാട്ടിലേക്ക് പോയി. ജോലിയും, മക്കളുടെ പഠനവുമായി കൊച്ചിയിൽ വേരുറപ്പിച്ചവർ ബന്ധുവീടുകളിലേക്കും, വാടകവീടുകളിലും അഭയം കണ്ടെത്തി. എന്നാല്‍ പലര്‍ക്കും ഇപ്പോഴും ഒരു താമസ സ്ഥലം കണ്ടെത്താനായിട്ടില്ല.

പൊളിച്ച് മാറ്റിയ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരനായിരുന്ന സോണി തോമസ്സിന് വീട്ടുസാധനങ്ങൾ എങ്ങോട്ട് മാറ്റണമെന്ന് അറിയില്ല. ഭാവി എന്തെന്നറിയാത്ത ആശങ്കയില്‍ കഴിയുകയാണ് ഇവര്‍. അതിനൊപ്പം വായ്പ എടുത്ത ബാങ്കുകളിൽ നിന്ന് സമ്മർദ്ദവും. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പലർക്കും വായ്പ്പാ തിരിച്ചടവും മുടങ്ങി.

തങ്ങളോടുള്ള കൊടുംചതിക്ക് ശേഷവും ബിൽഡർമാർ അനാസ്ഥ തുടരുകയാണെന്നാണ് ഫ്ലാറ്റ് ഉടമകള്‍ ആരോപിക്കുന്നത്. ബില്‍ഡര്‍മാരില്‍ നിന്നും  പണം പിടിച്ചെടുത്ത് നീതി ഉറപ്പാക്കണമെന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആവശ്യം. സോണിതോമസിനെ പോലെ 249 ഓളം ഫ്ലാറ്റ് ഉടമകൾക്കും പറയാനുള്ളത് ഇത്തരത്തിലുള്ള  അനുഭവങ്ങളാണ്. ജോലിയില്‍ നിന്നും വിരമിച്ചപ്പോൾ കിട്ടിയ മുഴുവൻ തുകയും ചിലവഴിച്ച് ഫ്ലാറ്റ് സ്വന്തമാക്കിയ വയോജനങ്ങളും ഇക്കൂട്ടത്തിലുണ്ട്.

നിയമലംഘനം നടത്തിയ ബിൽഡർക്കോ അതിന് കൂട്ട് നിന്ന പഞ്ചായത്ത് അധികൃതർക്കോ ഒന്നും സംഭവിച്ചില്ല. നിയമം നടപ്പാക്കിയപ്പോള്‍ അതിന്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്  ഫ്ലാറ്റ് ഉടമകൾ മാത്രം. തങ്ങള്‍ക്ക് ശരിയായ നഷ്ടപരിഹാര തുക എങ്കിലും ഉറപ്പാക്കാൻ വേണ്ട ഇടപെടൽ ഇനിയെങ്കിലും ഉറപ്പാക്കണമെന്നാണ് ഫ്ലാറ്റ് ഉടമകള്‍ അധികൃതര്‍ക്ക് മുന്നില്‍ വയ്ക്കുന്ന അപേക്ഷ.

click me!