
കൊച്ചി: സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പിൽ കൂടുതൽ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. 2018 ൽ പണം കൈമാറിയ 29 അക്കൗണ്ടുകളുടെ വിശദാംശങ്ങളാണ് ധനകാര്യ വിഭാഗത്തിന്‍റെ സഹായത്തോടെ പരിശോധിക്കുന്നത്. കേസിൽ കസ്റ്റഡിയിലുള്ള വിഷ്ണു പ്രസാദ്, മഹേഷ് എന്നിവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
പ്രളയ ഫണ്ട് തട്ടിപ്പിലെ മുഖ്യ പ്രതി വിഷ്ണു പ്രസാദ്, ഇടനിലക്കാരൻ മഹേഷ് എന്നിവരുടെ ചോദ്യം ചെയ്യൽ തുടങ്ങിയതിന് പിറകെയാണ് ദുരിതാശ്വാസ ധനം വിതരണ ചെയ്ത കൂടുതൽ അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. 2018 ൽ പരിഹാര സെല്ലിലൂടെ പണം കൈമാറിയ 29 അക്കൗണ്ടുകളാണ് സംശയാസ്പദമായി ഉള്ളത്. ഈ അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങൾ, പ്രളയ ബാധിത മേഖലയിലാണോ ഇവർ താമസിച്ചത്, അപേക്ഷ വന്നത് വില്ലേജ് ഓഫീസ് വഴിയാണോ എന്നുൾപ്പെടെ വിശദമായ അന്വേഷണ നടക്കും.
കേസിൽ അറസ്റ്റിലായ മഹേഷിന്‍റെ കൂടുതൽ ബന്ധുക്കളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇതിന്‍റെ ബാങ്ക് രേഖകൾ കണ്ടെത്താൻ ഇന്നലെ വൈകിട്ടോടെ മഹേഷിനെ കാക്കനാടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൂന്ന് പാസ് ബുക്കുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പരിഹാര സെല്ലിലെ ക്ലർക്കായിരുന്ന വിഷ്ണു പ്രസാദിനെയും വിശധമായി ചോദ്യം ചെയ്യുകയാണ്. കേസിൽ ഇതുവരെ നാല് പേരാണ് അറസ്റ്റിലായത്.
Also Read: പ്രളയ ഫണ്ട് തട്ടിപ്പ്: പരാതി നൽകിയ ആള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം
ഒളിവിലുള്ള മൂന്ന് പ്രതികളെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മൂന്നാം പ്രതിയും സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എംഎം അൻവർ, അൻവറിന്‍റെ ഭാര്യ ഖൗലത്ത് അൻവർ, മഹേഷിന്‍റെ ഭാര്യ നീതു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. അൻവർ നൽകിയ മുൻകൂർ ജാമ്യ ഹർജി വ്യാഴാഴ്ച ഹൈക്കോടതി പിരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam