
കൊച്ചി: സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പിൽ മുഖ്യ പ്രതി വിഷ്ണു പ്രസാദിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. വ്യാജ വൗച്ചർ രേഖയുണ്ടാക്കി വിഷ്ണു 20 ലക്ഷംത്തോളം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി സൂചന ലഭിച്ചു. ഇതുവരെ 73 ലക്ഷം രൂപയുടെ തട്ടിപ്പിന്‍റെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചതായാണ് വിവരം.
സിപിഎം ലോക്കൽ കമ്മിറ്റി അംഗം എം എം അൻവർ ഉൾപ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ കളക്ട്രേറ്റിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. ബാങ്ക് അക്കൗണ്ടിലൂടെ ഏഴ് ലക്ഷം രൂപ തട്ടിയ വിഷ്ണു ദുരിതബാധിതർക്ക് അയച്ച പണം തിരിച്ച് പിടിച്ചും ക്രമക്കേട് നടത്തി. കളക്ട്രേറ്റിലെ നാല് ജൂനിയർ സൂപ്രണ്ട്മാരെ ഉപയോഗിച്ചായിരുന്നു ഈ തട്ടിപ്പ്.
ആദ്യഘട്ടം ദുരിതാബാധിതർക്ക് നൽകിയ അടിയന്തര സഹായം പതിനായിരം രൂപയായിരുന്നു. ഇതിൽ ചിലരെ നേരിൽ വിളിച്ച് കൂടുതൽ തുകയ്ക്ക് അർഹതയുണ്ടെന്നും ആദ്യം ലഭിച്ച പണം തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെടും. ഇങ്ങനെ ഗുണഭോക്താക്കൾ പണവുമായെത്തിയത് വിഷ്ണു പ്രസാദിന്‍റെ അരികിലാണ്. പണം കൈയ്യിൽ വാങ്ങുന്ന വിഷ്ണു ജൂണിയർ സൂപ്രണ്ടുമാർ ഒപ്പിട്ട രസീറ്റ് തിരിച്ച് നൽകും. ഇത്തരത്തിൽ 20 ലക്ഷത്തോളം രൂപ വിഷ്ണു തിരിച്ച് പിടിച്ച് സ്വന്തമാക്കിയെന്ന വിവരമാണ് ലഭിച്ചത്.
നേരത്തെ 27.73 ലക്ഷം രൂപയുടെ തട്ടിപ്പിന്‍റെ വിവരങ്ങൾ ക്രൈംബ്രാഞ്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കൈമാറിയിയിട്ടുണ്ട്. കൊവിഡ് ലോക് ഡൗൺ കഴിയുന്നതോടെ പ്രതികൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കേസിലെ മൂന്നാം പ്രതിയും മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എം എം അൻവർ, ഭാര്യ കൗലത്ത്, മുഖ്യ പ്രതികളിലൊരാളായ മഹേഷിന്‍റെ ഭാര്യ നീതു എന്നിവർ പ്രതി ചേർത്തതിന് പിറകെ ഒളിവിൽ പോയിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam