
നാട്ടിലെ പാടങ്ങളൊക്കെ ഏറെക്കുറെ പോയിക്കഴിഞ്ഞു. ഇനി ബാക്കിയുള്ള പാടങ്ങളിലാണെങ്കിൽ മിക്കവാറും യന്ത്രങ്ങളാണ് പണിയെടുക്കുന്നത്. എന്നാൽ, നാടോടിനൃത്തത്തിന്റെ വേദിയിൽ ഇഷ്ടം പോലെ പാടമുണ്ട്. മുടിയിൽ പൂചൂടി, കയ്യിൽ കൊയ്ത്തരിവാളും പിടിച്ച്, കണ്ണിൽ കരിമഷിയും നെറ്റിയിൽ വട്ടപ്പൊട്ടും കുത്തി കഴുത്തിൽ കറുത്ത ചരടുമായി വരുന്ന പെൺകൊടിമാരുമുണ്ട്. ഹയർ സെക്കൻഡറി വിഭാഗം നാടോടിനൃത്ത മത്സരയിനം ഇത്തവണയും പതിവ് തെറ്റിച്ചില്ല.
മിക്കവാറും എല്ലാവരും പറഞ്ഞ കഥ പാടത്ത് ചെല്ലുന്ന അടിയാത്തിപ്പെണ്ണിനെ കണ്ണ് വയ്ക്കുന്ന തമ്പ്രാന്റേത് തന്നെ. മിക്കവാറും പേരുടെയെല്ലാം കയ്യിൽ കൊയ്ത്തരിവാളും കറ്റയുമുണ്ട്. അല്ലെങ്കിൽ മുറമുണ്ട്. കൊയിലാണ്ടിയിൽ നിന്നും വന്ന നേഹ പറയുന്നത് അവൾ പറഞ്ഞത് 'കണ്ണെഴുതി പൊട്ടുംതൊട്ട്' സിനിമയിലെ മഞ്ജുവാര്യർ അഭിനയിച്ച കഥാപാത്രത്തിന്റെ കഥയാണ് എന്നാണ്. തിരുവല്ലയിൽ നിന്നെത്തിയ ആര്യയ്ക്കും അത് തന്നെയാണ് പറയാനുണ്ടായിരുന്നത്. അടിയാത്തിപ്പെണ്ണിനോട് അതിക്രമം കാണിക്കുന്ന തമ്പുരാനും പ്രതികാരം ചെയ്യുന്ന പെണ്ണും. തിരുവനന്തപുരത്ത് നിന്നും വന്ന ദേവിനൃത്തയുടെ നൃത്തത്തിലുമുണ്ട് ഞാറ്റടിപ്പാട്ട്. അതിലും പറയുന്നത് തമ്പ്രാന്റെ ചൂഷണം തന്നെ.
കോഴിക്കോട് നിന്നുമെത്തിയ വിദ്യാർത്ഥിയുടെ നാടോടിനൃത്തത്തിൽ അൽപം മാറ്റമുണ്ട്. അതിൽ പറയുന്നത് ശൂർപ്പണഖയുടെ കഥയാണ്. കോട്ടയത്ത് നിന്നുള്ള കരോൾ എം. രാജുവിന്റെ കഥയിലുമുണ്ട് അൽപം വ്യത്യാസം. രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ചാത്തു എന്ന കർഷകന്റെ കഥയാണ് കരോൾ നാടോടിനൃത്തത്തിലൂടെ അവതരിപ്പിച്ചത്. പിന്നാലെ വന്ന മിക്കവരും പറഞ്ഞ കഥ പാടവും കൊയ്ത്തും ചൂഷണവും പ്രതികാരവും ഒക്കെ തന്നെ. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ നാടോടിനൃത്തമല്ലേ എന്ന് തന്നെ ചോദ്യം.
എന്നാൽ, കലോത്സവത്തിന്റെ അവസാനദിനം ഒന്നാം വേദിയായ അതിരാണിപ്പാടത്ത് തിങ്ങിനിറഞ്ഞ് കാണികളാണ്. സൂചികുത്താൻ പോലും ഇടമില്ല. എല്ലാവരും വളരെ ആസ്വദിച്ച് തന്നെയാണ് നാടോടിനൃത്തം കാണുന്നതും. വേദിയിൽ കാണാൻ സാധിക്കാത്തവർ പലരും ബിഗ് സ്ക്രീനിൽ വിദ്യാർത്ഥികളുടെ നൃത്തം ആസ്വദിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam