
തൃശ്ശൂർ: തൃശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 56 കാരി മരിച്ചു. പോസ്റ്റ്മോർട്ടം നടത്താതെ വിട്ടു കൊടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് വീണ്ടും വിളിച്ചു വരുത്തി. കുഴിമന്തി വിറ്റ പെരിഞ്ഞനം സെയിൻ ഹോട്ടലിന് നിലവിൽ ലൈസൻസ് ഇല്ലെന്ന് പഞ്ചായത്ത് അറിയിച്ചു.
പെരിഞ്ഞനത്തെ സെയിൻ ഹോട്ടൽ ശനിയാഴ്ച വൈകിട്ട് വിറ്റ കുഴി മന്തി കഴിച്ച 180 പേരായിരുന്നു ഛർദ്ദിയും വയറിളക്കവുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കുറ്റിലക്കടവിലെ ഉസൈബയുടെ വീട്ടിലേക്കും കുഴി മന്തി പാഴ്സലായി വാങ്ങിയിരുന്നു. ഉസൈബ, സഹോദരി, അവരുടെ 12 ഉം 7 ഉം വയസ്സുള്ള മക്കൾ എന്നിവരാണ് ഇത് കഴിച്ചത്. മിനിയാന്നാണ് സഹോദരിയെയും മക്കളെയും ഭക്ഷ്യ വിഷബാധയെ തുടർന്ന് പരിഞ്ഞനം ആശുപത്രിയിലെത്തിച്ചു.
ഇന്നലെയാണ് ഉസൈബയെ ശാരീരിക അസ്വസ്ഥതകളെത്തുടർന് ആദ്യം ഇരിങ്ങാലക്കുട താല്യക്ക് ആശുപ ത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുന്നത്. പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു. പിന്നാലെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ വിട്ടു നൽകി. കാലത്ത് മൃതദേഹം വീട്ടിലെത്തിച്ചു. ജനപ്രതിനിധികളും പൊലീസും ഇടപെട്ടാണ് മെഡിക്കൽ കോളജിലേക്ക് തിരിച്ചയച്ചത്.
മോശം ഭക്ഷണം വിളമ്പിയതിന് ആറുമാസം മുമ്പ് സെയിൻ ഹോട്ടൽ അടപ്പിച്ചിരുന്നു. ഹോട്ടലിന്റെ ലൈസൻസ് കാലാവധി ഒരു മാസം മുമ്പ് കഴിഞ്ഞിരുന്നു എന്ന വിവരവും പുറത്തു വന്നു. കാലാവധി കഴിഞ്ഞതിന് പിന്നാലെ ഇപ്പോഴത്തെ ഉടമകളിലൊരാളായ റഫീഖിന്റെ പേരിൽ ലൈസൻസിന് അപേക്ഷിച്ചിരുന്നെങ്കിലും നൽകിയിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam