
തിരുവനന്തപുരം: ആര്യങ്കാവിൽ പിടികൂടിയ പാലിൽ മായമില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയതോടെ വെട്ടിലായി ക്ഷീരവകുപ്പ്. തമിഴ്നാട്ടിൽ നിന്നും പത്തനംതിട്ടയിലെ സ്വകാര്യ ഡയറി ഫാമിലേക്ക് കൊണ്ടുവന്ന പാലാണ് ക്ഷീരവകുപ്പ് പിടികൂടിയത്. അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും മായം കലർത്തിയ പാൽ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ക്ഷീരവികസന വകുപ്പ് ജനുവരി 11ന് പരിശോധന നടത്തിയത്. പാലിന്റെ സാമ്പിൾ ശേഖരിച്ച ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിലേക്കയച്ചു.
എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. പാലിൽ കൊഴുപ്പിന്‍റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്. 15300 ലിറ്റർ പാലുമായി വന്ന ടാങ്കർലോറി അഞ്ചു ദിവസമായി പൊലീസ് സ്റ്റേഷനിലാണുള്ളത്.
പന്തളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഗ്രി സോഫ്റ്റ് ഡയറി ഫാമിലേക്ക് എത്തിച്ചതാണ് പാലെന്നു ലോറി ഡ്രൈവർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് പ്ലാന്റുകളിൽ പരിശോധന നടത്താറുണ്ടെന്നും ഇതുവരെ പാലിൽ യാതൊരു പ്രശ്നവും കണ്ടെത്തിയിട്ടില്ലെന്നുമാണ് ഫാമിന്റെ വിശദീകരണം. ലോറിയിലെ മുഴുവൻ പാലും ഒഴുക്കി കളയാനായിരുന്നു ക്ഷീരവകുപ്പിന്റെ തീരുമാനം. പാലിന്റെ കട്ടിയും കൊഴുപ്പും വർദ്ധിപ്പിക്കാനും കേടുകൂടാതെ കൂടുതൽ ദിവസം സൂക്ഷിക്കാനുമാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്. പാൽ കേടുകൂടാതിരിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് അനുവദനീയമായ അളവിൽ ചേർക്കാമെന്നും ആരോഗ്യത്തിന് ദോഷമില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam