
തിരുവനന്തപുരം: വർക്കലയിൽ വിദേശ പൗരന് ക്രൂരമർദനം. ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ ഗ്രീസ് സ്വദേശിയായ റോബർട്ടിനാണ് മര്‍ദനമേറ്റത്. വാട്ടർ സ്പോർട്സ് നടത്തുന്ന തൊഴിലാളികൾ മർദ്ദിച്ചതായാണ് പരാതി. കഴിഞ്ഞ ദിവസം റോബർട്ടിന്റെ മൊബൈൽ ഫോൺ ബീച്ചിൽ നഷ്ടപ്പെട്ടിരുന്നു. ഫോൺ അന്വേഷിച്ച് ബീച്ചിൽ എത്തിയ റോബർട്ട് തുടർന്ന് കടലിൽ കുളിക്കാൻ ഇറങ്ങി. ഈ സമയം വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ വിദേശിയെ കടലിൽ ഇറങ്ങാൻ അനുവദിച്ചില്ല.
ഇതേ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ റോബർട്ടിനെ മർദ്ദിച്ചെന്നാണ് പരാതി. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് സംഘം പിന്മാറുകയായിരുന്നു. പിന്നാലെ ടൂറിസം പൊലീസ് ഇടപെട്ട് റോബർട്ടിനെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. റോബർട്ടിന്റെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.