അഭയ കേസ്; മരണകാരണം തലയ്‍ക്കേറ്റ അടിയെന്ന് ഫൊറൻസിക് വിദഗ്‍ധന്‍റെ മൊഴി

By Web TeamFirst Published Jan 29, 2020, 10:58 PM IST
Highlights

ബോധാവസ്ഥയിൽ ഒരാള്‍ കിണറ്റിൽ ചാടുമ്പോഴും, അബോധാവസ്ഥയിൽ ഒരാള്‍ കിണറ്റിൽ വീഴുമ്പോഴും ഉണ്ടാകുന്ന പരിക്കുകൾ ശാത്രീയമായി തെളിക്കാനാണ് ഡോ പഥകിനെ കൊണ്ട് സിബിഐ ഡമ്മി പരിശോധന നടത്തിയത്. 

കൊച്ചി: സിസ്റ്റർ അഭയയുടെ തലയ്‌ക്കേറ്റ അടിയാണ് മരണ കാരണമെന്ന് ഫൊറൻസിക് വിദഗ്‍ധന്‍റെ മൊഴി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഫൊറൻസിക് വിദഗ്‍ധനായ ഡോ എസ് കെ പഥക്  തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകിയത്. അഭയക്കേസിൽ ഡമ്മി പരീക്ഷണം നടത്തിയ ഫൊറൻസിക് വിദഗ്‍ധനാണ് ഡോ എസ് കെ പഥക്. ബോധാവസ്ഥയിൽ ഒരാള്‍ കിണറ്റിൽ ചാടുമ്പോഴും, അബോധാവസ്ഥയിൽ ഒരാള്‍ കിണറ്റിൽ വീഴുമ്പോഴും ഉണ്ടാകുന്ന പരിക്കുകൾ ശാത്രീയമായി തെളിക്കാനാണ് ഡോ പഥകിനെ കൊണ്ട് സിബിഐ ഡമ്മി പരിശോധന നടത്തിയത്. 

അഭയയുടെ തലയ്ക്കേറ്റ മുറവുകളാണ് മരണകാരണമായതെന്ന് ഡോ പഥക് മൊഴി നൽകി. തലയിലുണ്ടായ മുറവുകള്‍ കിണറ്റിൽ വീണപ്പോൾ ഉണ്ടായതല്ല. ശരീരത്തിലുണ്ടായ മുറിവുകൾ കിണറ്റിൽ വീണപ്പോഴുണ്ടായതാണെന്നും സാക്ഷി മൊഴി നൽകി. അഭയയെ കൊലപ്പെടുത്തിയ ശേഷമാണ് കിണറ്റിലിട്ടതെന്ന് ഫൊറൻസിക് വിദഗ്‍ധനായ കന്തസ്വാമിയും നേരത്തെ മൊഴി നൽകിയിരുന്നു. 

ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾക്ക് ഊന്നൽ നൽകിയാണ് പ്രോസിക്യൂഷൻ സാക്ഷി വിസ്‍താരം നടത്തുന്നത്. കേസിന്‍റെ തുടർ വിസ്‌താരം ശനിയാഴ്ച തുടങ്ങും. 1992 മാർച്ച് 27 ന് കേട്ടയത്തെ പയസ് ടെൻറ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ഫാ തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.    

click me!