കൂറുമാറിയ സുനിൽ കുമാറിന്റെ കാഴ്ച പരിശോധിപ്പിച്ച് കോടതി, പിന്നാലെ പിരിച്ച് വിട്ട് വനംവകുപ്പ്

By Web TeamFirst Published Sep 14, 2022, 5:46 PM IST
Highlights

മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും കള്ളൻ എന്ന് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടുവെന്നായിരുന്നു സുനിൽകുമാർ ആദ്യം പൊലീസിന് നൽകിയ മൊഴി. ഈ മൊഴി ഇയാൾ ഇന്ന് കോടതിയിൽ തിരുത്തി.

പാലക്കാട് : പാലക്കാട് അട്ടപ്പാടി മധു കേസിൽ കൂറുമാറിയ വനംവാച്ചറായ സുനിൽ കുമാറിനെ വനംവകുപ്പ് പിരിച്ചു വിട്ടു. സൈലന്റ്വാലി ഡിവിഷന് കീഴിലെ താത്കാലിക വനം വാച്ചറായിരുന്ന സുനിൽകുമാറിനെയാണ് കൂറുമാറിയതോടെ പിരിച്ചുവിട്ടത്. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും കള്ളൻ എന്ന് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടുവെന്നായിരുന്നു സുനിൽകുമാർ ആദ്യം പൊലീസിന് നൽകിയ മൊഴി. ഈ മൊഴി ഇയാൾ ഇന്ന് കോടതിയിൽ തിരുത്തി. ഇതോടെയാണ് വനംവകുപ്പ് നടപടിയെടുത്തത്. 

അട്ടപ്പാടി മധുകൊലക്കേസിൽ വിചാരണ കോടതിയിൽ അപൂർവ സംഭവങ്ങളാണ് ഇന്നുണ്ടായത്. ഇരുപത്തി ഒൻപതാം സാക്ഷി സുനിൽ കുമാർ മൊഴിമാറ്റിയതിന് പിന്നാലെയാണ് കോടതിയിടപെടലുണ്ടായത്. സുനിൽ കുമാര്‍ മൊഴിമാറ്റിയതിന് പിന്നാലെ പ്രോസിക്യൂഷൻ ആവശ്യപ്രകാരം സംഭവ ദിവസത്തെ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. 

അട്ടപ്പാടി മധു കൊലക്കേസ്: കൂറുമാറ്റം തുടരുന്നു, 29-ാം സാക്ഷിയും കൂറുമാറി 

മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്ന വീഡിയോ കോടതിയിൽ പ്രദര്‍ശിപ്പിച്ചപ്പോൾ തനിക്ക് കാണാൻ കഴിയുന്നില്ലെന്നായിരുന്നു സുനിൽകുമാർ പറഞ്ഞത്. സുനിൽ ഈ സംഭവങ്ങൾക്ക് ദൃക്സാക്ഷിയായി നിൽക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. എന്നാൽ കോടതിയിൽ വീഡിയോ  പ്രദർശിപ്പിച്ചപ്പോൾ തനിക്ക് ദൃശ്യങ്ങൾ കാണാൻ കഴിയുന്നില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് ഇയാളുടെ കാഴ്ചശക്തി പരിശോധിക്കാൻ കോടതി നിർദ്ദേശം നൽകിയത്. 

'കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷ'; അട്ടപ്പാടിയിലെ മധുവിന്‍റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ

പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു നേത്ര പരിശോധന. ഫലം നാളെ കോടതിയിൽ ഹാജരാക്കും. സുനിൽകുമാറിനോട് നാളെ ഹാജരാകാനും വിചാരണക്കോടതി നിർദേശിച്ചു. ഇന്ന് വിസ്തരിച്ച 31 ആം സാക്ഷി ദീപുവും കോടതിയിൽ മൊഴിമാറ്റി. ഇതോടെ ആകെ കൂറുമാറിയവർ 16 ആയി. മധു കേസിൽ കൂറുമാറിയതിനെ തുടര്‍ന്ന് ഇതുവരെ നാല് വനംവാചർമാരെയാണ് പിരിച്ചു വിട്ടത്. സുനിൽകുമാറിന് മുമ്പ് അനിൽകുമാർ, അബ്ദു റസാക്, കാളിമൂപ്പൻ, സുനിൽ കുമാർ എന്നിവരെയാണ് പിരിച്ചുവിട്ടത്. 

മധു കൊലക്കേസ്: 'ജഡ്‍ജിയെ ഭീഷണിപ്പെടുത്തിയില്ല, പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ അധികാരമില്ലെന്നാണ് പറഞ്ഞത്'

click me!