Latest Videos

കാട്ടുപന്നി ഓട്ടോയില്‍ ഇടിച്ച് അപകടമരണം; റഷീദിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അടിയന്തര നടപടിയെന്ന് മന്ത്രി

By Web TeamFirst Published Dec 23, 2022, 7:59 AM IST
Highlights

കാട് കയറുന്ന നാട് പരമ്പര കണ്ടപ്പോഴാണ് റഷീദിന്‍റെ കുടുംബത്തിന് ഇതുവരെയും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്ന് അറിഞ്ഞതെന്നും മന്ത്രി

തിരുവനന്തപുരം : കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച കോഴിക്കോട് കൂരാച്ചുണ്ടിലെ റഷീദിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടി എടുക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കാട് കയറുന്ന നാട് പരമ്പര കണ്ടപ്പോഴാണ് റഷീദിന്‍റെ കുടുംബത്തിന് ഇതുവരെയും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്ന് അറിഞ്ഞതെന്നും മന്ത്രി വിശദമാക്കി. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

വര്‍ഷം ഒന്നു കഴിഞ്ഞിട്ടും റഷീദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം കിട്ടിയിട്ടില്ല. വനം വകുപ്പിന്റെ കണക്കിൽ പന്നിക്ക് പകരം നായ വന്നിടിച്ചാണ് ഓട്ടോ മറിഞ്ഞത്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കുടുംബം പലതവണ സമീപിച്ചിട്ടും ചികിത്സാ ചെലവ് പോലും നൽകിയിരുന്നുമില്ല. ഒടുവിൽ റഷീദിന്‍റെ മൃതദേഹവുമായി കുടുംബം താമരശ്ശേരി റേഞ്ച് ഓഫീസ് ഉപരോധിച്ചപ്പോൾ ധനസഹായം ഉടൻ അനുവദിക്കണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശത്തിനും പുല്ലുവിലയാണ് ലഭിച്ചത്. 

ഇതുവരെ സഹായം ഒന്നും കിട്ടിയില്ലെന്നറിഞ്ഞത് പരമ്പര കണ്ടപ്പോഴെന്ന് മന്ത്രി പ്രതികരിച്ചു. കാട്ടുപന്നി ഇടിച്ചതാണെന്ന് താമരശ്ശേരി പൊലീസിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വിഷയത്തിൽ വനംവകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വന്യമൃഗാക്രമണങ്ങളിൽ ഇരകളായവര്‍ക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ടത്ര ഫണ്ടില്ലാത്ത പ്രശ്നമുണ്ട്. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഓട്ടോറിക്ഷയില്‍ കാട്ടുപന്നിയിടിച്ചുണ്ടായ അപകടത്തിലാണ് കോഴിക്കോട് കൂരാച്ചുണ്ടിലെ റഷീദ് മരിച്ചത്. റഷീദിന്റെ കുടുംബത്തിന് ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കാമെന്ന് വനംമന്ത്രി പറഞ്ഞിട്ട് ഒരു വര്‍ഷത്തിന് ശേഷവും ഒന്നും നടന്നിരുന്നില്ല. നിയമപ്രകാരം വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് കിട്ടേണ്ടത് 10 ലക്ഷം രൂപ നഷ്ടപരിഹാരമാണ്.

ഇതില്‍ അഞ്ച് ലക്ഷം 24 മണിക്കൂറിനുള്ളിലും ബാക്കി അഞ്ച് ലക്ഷം അടുത്ത പതിനാല് ദിവസത്തിനുള്ളിലും നല്‍കണം. വന്യജീവി ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവർക്കും കാർഷിക വിളകള്‍ നഷ്ടപ്പെടുന്നവർക്കുമായി പ്രത്യേക നഷ്ടപരിഹാര പാക്കേജുകളുമുണ്ട്. ഇതൊക്കെ പക്ഷെ പ്രഖ്യാപനങ്ങളിലും പേപ്പറുകളിലും മാത്രമാണുള്ളത്. ഈ പശ്ചാത്തലത്തിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത. 

click me!