പുല്‍പ്പള്ളിയില്‍ കടുവ റെയ്‍ഞ്ചറെ ആക്രമിച്ചു; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

By Web TeamFirst Published Jan 10, 2021, 4:30 PM IST
Highlights

പുല്‍പ്പള്ളി കബനി തീരത്തെ കോളവള്ളിയിലെ ഒരു കൃഷിയിടത്തില്‍ കടുവയെ കണ്ടെന്ന നാട്ടുകാരുടെ വിവരത്തെ തുടര്‍ന്നാണ് റെയ്ഞ്ചര്‍ ടി ശശികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. 

വയനാട്: പുല്‍പ്പള്ളി കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെ ഫോറസ്റ്റ് റെയ്ഞ്ചറെ കടുവ അക്രമിച്ചു. പരിക്കുകളോടെ ചെതലയം റെയ്ഞ്ച് ഓഫീസര്‍ ടി ശശികുമാറിനെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്‍പ്പള്ളി കബനി തീരത്തെ കോളവള്ളിയിലെ ഒരു കൃഷിയിടത്തില്‍ കടുവയെ കണ്ടെന്ന നാട്ടുകാരുടെ വിവരത്തെ തുടര്‍ന്നാണ് റെയ്ഞ്ചര്‍ ടി ശശികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. 

നാട്ടുകാരുടെ കൂടി സഹകരണത്തോടെ കടുവയെ തുരത്താന്‍ ശ്രമിക്കുന്നിനിടെയാണ്  പതുങ്ങിയിരുന്ന കടുവ ശശികുമാറിനു നേരെ അക്രമണം നടത്തിയത്. മറ്റു വനപാലകരും നാട്ടുകാരും ബഹളം വെച്ചതിനാല്‍ കടുവ ഓടി രക്ഷപെട്ടു. തോളിന് പരിക്കേറ്റ ശശികമാറിനെ  സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്ക് അതീവ ഗുരതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. കര്‍ണാടകയില്‍ നിന്നും കബനി കടന്ന് കോളവള്ളിയിലും പരിസരത്തുമെത്തിയതാണ് കടുവയെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. 

ഇതിനെ തുരത്താന്‍ കഴിഞ്ഞ അഞ്ചുദിവസമായി വനംപാലകര്‍ ശ്രമം തുടരുകയാണ്. നാട്ടുകാരുടെ പ്രതിക്ഷേധത്തെ തുടര്‍ന്ന് ഇന്ന് വനംവകുപ്പ് കബനി പരിസരത്തെ വിവിധയിടങ്ങളില്‍ കൂടുവെച്ചിട്ടുണ്ട്. കടുവ ആക്രമിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി.

click me!