ബാങ്ക് മാനേജർക്ക് തോന്നിയ സംശയം, മുൻ പ്രതിരോധ ഉദ്യോഗസ്ഥൻ തട്ടിപ്പിനിരയായെന്ന് കണ്ടെത്തി, നഷ്ടമായത് 45 ലക്ഷം

Published : Jan 25, 2025, 02:41 PM ISTUpdated : Apr 28, 2025, 01:21 PM IST
ബാങ്ക് മാനേജർക്ക് തോന്നിയ സംശയം, മുൻ പ്രതിരോധ ഉദ്യോഗസ്ഥൻ തട്ടിപ്പിനിരയായെന്ന് കണ്ടെത്തി, നഷ്ടമായത് 45 ലക്ഷം

Synopsis

തുടർച്ചയായി വലിയ തുക പിൻവലിച്ചതോടെ ബാങ്ക് മാനേജർക്ക് സംശയം തോന്നുകയായിരുന്നു.

പത്തനംതിട്ട: പത്തനംതിട്ടയിൽ സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി മുൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് 45 ലക്ഷം രൂപ തട്ടി. കുഴിക്കാല സ്വദേശി കെ തോമസിൽ  നിന്നാണ് പണം തട്ടിയെടുത്തത്. രണ്ട് ഘട്ടമായാണ് 45 ലക്ഷം കൈമാറിയത്.

ഡൽഹിയിൽ നിന്നെന്ന് പറഞ്ഞാണ് വിളിച്ചതെന്ന് തോമസ് പറയുന്നു. ഒരാൾ പൊലീസ് വേഷത്തിലായിരുന്നു. അക്കൌണ്ടിലെ പണം അനധികൃതമാണെന്ന് സംശയമുണ്ടെന്നും പരിശോധിച്ച ശേഷം തിരികെ നൽകാമെന്നുമാണ് പറഞ്ഞത്. ഈ മാസം ഇരുപതാം തിയ്യതിയാണ് ആദ്യ ഗഡുവായി 10 ലക്ഷം രൂപ കൈമാറിയത്. ഇരുപത്തിമൂന്നാം തിയ്യതി സ്ഥിരനിക്ഷേപം പിൻവലിച്ച് 35 ലക്ഷവും കൈമാറി. 

ഓഹരി വാങ്ങിയതു കൂടി മാറ്റണമെന്ന് ആവശ്യപ്പെട്ടു. തുടർച്ചയായി വലിയ തുക പിൻവലിച്ചതോടെ ബാങ്ക് മാനേജർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് സൈബർ പൊലീസിനെ അറിയിച്ചതോടെയാണ് പറ്റിക്കപ്പെട്ടെന്ന് മനസ്സിലായത്. 

'ഡിജിറ്റൽ അറസ്റ്റ്' നീക്കം പൊളിച്ച് വൃദ്ധയായ വീട്ടമ്മ

അതിനിടെ ഡിജിറ്റൽ അറസ്റ്റ് വഴി ഓണ്‍ലൈനിലൂടെ ലക്ഷങ്ങൾ തട്ടാനുള്ള ഉത്തരേന്ത്യൻ സംഘത്തിന്‍റെ നീക്കം വൃദ്ധയായ വീട്ടമ്മ പൊളിച്ചു. കരമന സ്വദേശിനിയും 72 കാരിയായ ജെ വസന്തകുമാരിയാണ് തട്ടിപ്പിൽ നിന്ന് തന്ത്രപരമായ രക്ഷപ്പെട്ടത്. സിബിഐ ഉദ്യോഗസ്ഥരെന്ന് വിളിച്ചായിരുന്നു തട്ടിപ്പ് സംഘം വയോധികയിൽ നിന്നും പണം തട്ടാൻ ശ്രമിച്ചത്. വസന്തകുമാരിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഉണ്ടെന്ന് പറഞ്ഞാണ് വസന്തകുമാരിയെ ഭീഷണിപ്പെടുത്തിയത്.

സർക്കാർ ഉദ്യോഗസ്ഥരായിരുന്ന വസന്തകുമാരിയും ഭര്‍ത്താവ് ശ്രീവർദ്ധനും കരമനയിലെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ്. രണ്ട് ദിവസം മുമ്പാണ് ദില്ലിയിൽ നിന്നും വസന്തകുമാരിക്ക് ഫോണ്‍ വരുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോൺ. കള്ളപ്പണം വെളുപ്പിച്ചതിന് വസന്തകുമാരിയുടെ പേരിൽ 23 കേസുണ്ടെന്നും ഇവരുടെ എയർടെൽ നമ്പർ തട്ടിപ്പിന് ഉപയോഗിച്ചെന്നും ഇയാൾ അറിയിച്ചു. 

താന്‍ എയർടെൽ നമ്പർ ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ വിളിച്ചയാൾ വസന്തകുമാരിയുടെ ആധാർ നമ്പർ വെളിപ്പെടുത്തി. ഇതോടെ ഇവർ ആദ്യം വിളിച്ചയാൾ പറഞ്ഞത് സത്യമെന്ന് വിശ്വസിച്ചു. പിന്നീട് ബാങ്കിലെത്തിയ ശേഷമുള്ള തട്ടിപ്പുകാരുടെ സംസാരത്തിലാണ് തനിക്ക് സംശയങ്ങൾ തുടങ്ങിയതെന്ന് വസന്തകുമാരി പറഞ്ഞു. ബാങ്കിലെ ആരോടും മിണ്ടരുതെന്നും ബാങ്കിന് പുറത്ത് നിന്ന് മാത്രമേ സംസാരിക്കാവൂ എന്നുമുള്ള നിർദ്ദേശങ്ങൾ ഇത് തട്ടിപ്പാണെന്ന സൂചന നല്‍കി. സംശയങ്ങൾ തോന്നിയ വസന്തകുമാരി തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച്  തിരികെ ചോദ്യങ്ങൾ ചോദിച്ചതോടെയാണ് സംഘം പിന്‍വാങ്ങിയത്. സംഭവത്തിൽ വയോധിക പൊലീസിന് പരാതി നൽകിയിട്ടുണ്ട്. മുന്‍കരുതൽ എന്ന നിലയിൽ തൽക്കാലം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. 

കരമന സ്വദേശിയായ 72 കാരിക്ക് ഫോൺ കോൾ, കേസുണ്ട്, ഒഴിവാക്കാൻ ലക്ഷങ്ങൾ വേണം; തട്ടിപ്പ് സംഘത്തെ പൊളിച്ച് വീട്ടമ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും