
തിരുവനന്തപുരം: ശബരിമല സ്വർണ മോഷണ വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്ന് എൻ വാസു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നും വാസു കൂട്ടിച്ചേർത്തു. സ്വർണപാളി, ദ്വാരപാലക ശിൽപങ്ങൾ നൽകുമ്പോൾ താൻ കമ്മീഷണറോ പ്രസിഡൻ്റോ ആയിരുന്നില്ല. വാതിൽ മാറ്റാൻ തനിക്കു മുന്നേ തീരുമാനമെടുത്തുവെന്നും എൻ വാസു വ്യക്തമാക്കി. ചെമ്പ് പാളിയിൽ വിശദീകരണം നൽകേണ്ടത് താനല്ല. പാളികള്‍ കൊണ്ടുപോകുമ്പോള്‍ താൻ അധികാരത്തിലില്ല. സ്വര്‍ണം ചെമ്പായത് അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും ക്രമക്കേടുകളെകുറിച്ച് തനിക്ക് അറിവില്ലെന്നും എൻ വാസു പറഞ്ഞു. തൂക്കത്തിൽ വന്ന കുറവ് തന്‍റെ ശ്രദ്ധയിൽ ആരും കൊണ്ടുവന്നില്ല. അന്ന് ഒരു ആക്ഷേപവും ഉണ്ടാകാത്തതിനാൽ അന്വേഷിക്കേണ്ടി വന്നില്ല.
പോറ്റിയുടെ ഇ മെയിൽ ലഭിച്ചെന്ന കാര്യവും എൻ വാസു സ്ഥിരീകരിച്ചു. അധികം സ്വർണ്ണം പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാൻ പോറ്റി ആവശ്യപ്പെട്ടു. ആ ഇമെയിൽ തിരുവാഭരണം കമ്മീഷണര്‍ക്ക് കൈമാറി. കമ്മീഷണര്‍ക്ക് ഇമെയിൽ കൈമാറിയത് സ്വാഭാവിക നടപടിയാണ്. തിരുവാഭരണം കമ്മീഷണര്‍ നടപടിയെടുത്തിട്ടില്ല. തന്‍റെ നടപടിയിൽ ഒരു പിശകും കാണുന്നില്ലെന്നും എൻ വാസു പറഞ്ഞു. പരിശോധിക്കേണ്ട ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണര്‍ക്കാണ്. ഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ട് കിട്ടാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും വാസു വ്യക്തമാക്കി.
പിന്നെ കൊവിഡ് കാലമായി എന്നും അന്ന് ഉണ്ണികൃഷ്‌ണൻ പോറ്റിയെ കുറിച്ച് ഒരു വിവാദവുമില്ലെന്നും പറഞ്ഞ എൻ വാസു അതേ ആൾക്കുതന്നെയല്ലേ പിന്നെയുo പാളികൾ നൽകിയതെന്നും ചോദിച്ചു. എനിക്ക് ശേഷം രണ്ടു പ്രസിഡൻ്റുമാർ വന്നുവെന്നും അവര്‍ക്കും ഒന്നും അറിവുണ്ടായിരുന്നില്ലെന്നും എൻ വാസു വ്യക്തമാക്കി. വിവാദത്തിൽ എന്‍ വാസുവിന്‍റെ ആദ്യപ്രതികരണമാണ് ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്ത് വന്നത്.