
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൽ പൂശാനായി യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ആവശ്യത്തിലധികം സ്വർണം കരുതിയിരുന്നുവെന്ന് മുൻ ചീഫ് എഞ്ചിനിയർ രവികുമാർ. ദ്വാരപാലക ശില്പം അടക്കം സ്വർണം പൂശിയിരുന്നു. ചെമ്പിന് മുകളിൽ ഏഴ് പാളി സ്വർണം പൂശിയ ദ്വാരപാലക ശില്പം ചെമ്പായി മാറിയത് അത്ഭുതമാണെന്ന് രവികുമാർ പറഞ്ഞു. സ്വർണം പൂശാനായി അന്ന് അഴിച്ചിറക്കിയ മൂന്ന് താഴികക്കുടങ്ങളെ കുറിച്ചും അന്നേ വിവരമില്ലെന്നും അക്കാലത്ത് ശബരിമല സന്നിധാനത്തെ ചീഫ് എഞ്ചിനിയർ ആയിരുന്ന രവികുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശബരിമല സ്വർണപ്പാളി വിവാദത്തിൽ തനിക്ക് എതിരായ ആരോപണങ്ങൾ എല്ലാം നിഷേധിച്ച് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. ശ്രീകോവിലിന് പുതിയ വാതിൽ നിർമ്മിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വമാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തി. നിലവിലുള്ള വാതിൽ അടയ്ക്കാൻ ബുദ്ധിമുട്ടാണെന്ന് കാണിച്ചായിരുന്നു തന്നെ സമീപിച്ചതെന്നും അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് അത് ഏറ്റെടുത്തതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബെംഗളൂരു സ്വദേശിയായ ഗോവർദ്ധൻ ആണ് എല്ലാ ചെലവും വഹിക്കാം എന്ന് ഏറ്റെടുത്തത്. മറ്റാരും അതിനായി സ്വർണമോ പണമോ ഉപയോഗിച്ചിട്ടില്ല. വാതിൽ പാളി നിർമ്മിച്ചതിനു ശേഷം ചെന്നൈയിൽ തന്നെ ഒരു ദിവസം പൂജ നടത്തി എന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. പോകുന്ന വഴിയിൽ നടൻ ജയറാമിന്റെ വീട്ടിൽ കയറിയത് വിശ്രമത്തിന് ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.