2023ൽ കൈക്കൂലി കേസിൽ അറസ്റ്റ്; പാലക്കയം മുൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പുറത്താക്കി

Published : Apr 23, 2025, 10:22 PM ISTUpdated : Apr 23, 2025, 10:34 PM IST
2023ൽ കൈക്കൂലി കേസിൽ അറസ്റ്റ്; പാലക്കയം മുൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പുറത്താക്കി

Synopsis

ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് അപേക്ഷകനിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് 2023 മെയ് 23 ന്   സുരേഷ് കുമാർ അറസ്റ്റിലായത്.

പാലക്കാട്: കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് സുരേഷ് കുമാറിനെ സർവീസിൽ നിന്ന് പുറത്താക്കി ഉത്തരവ്. ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് അപേക്ഷകനിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് 2023 മെയ് 23 ന്  
സുരേഷ് കുമാർ അറസ്റ്റിലായത്. വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് പുറത്താക്കാൻ തീരുമാനിച്ചത്. സുരേഷ് കുമാറിൻ്റെ പ്രവൃത്തി റവന്യൂ വകുപ്പിനാകെ നാണക്കേടുണ്ടാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇയാളുടെ താമസസ്ഥലത്ത് നിന്ന് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. 

വില്ലേജ് അസിസ്റ്റൻറ് സുരേഷ് കുമാർ കണക്കു പറഞ്ഞു കൈക്കൂലി വാങ്ങിയിരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തിയിരുന്നു. പലരിൽ നിന്നും കൈപറ്റിയത് 500 മുതൽ 10,000 രൂപ വരെയാണ്. കൈക്കൂലിയായി പൈസ മാത്രമല്ല കുടംപുളിയും തേനും വരെ കൈപ്പറ്റിയിരുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് സുരേഷ് കുമാർ.

മണ്ണാർക്കാട് തഹസീൽദാറുടെ നേതൃത്വത്തിൽ പാലക്കയം വിലേജ് ഓഫീസിൽ പരിശോധന നടത്തിയതിൽ നിന്ന് പണമല്ലാതെ കൈക്കൂലിയായി വാങ്ങിയ പല വസ്തുക്കളും ഉദ്യോ​ഗസ്ഥർ കണ്ടെത്തിയിരുന്നു.  മണ്ണാർക്കാട് ലോഡ്ജ് മുറിയിൽ പണത്തിനു പുറമെ  കണ്ടത്തിയത് കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവയായിരുന്നു.

കൈക്കൂലിയായി പണം മാത്രമല്ല എന്തു കിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നുവെന്ന നിഗമനത്തിലാണ് പരിശോധനക്കൊടുവിൽ വിജിലൻസ് എത്തിച്ചേർന്നത്. കൈയിൽ കോടികൾ ഉള്ളപ്പോഴും സുരേഷ് കുമാർ താമസിച്ചിരുന്നത് 2500 രൂപ മാസവാടകയുള്ള റൂമിലായിരുന്നു.  സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ല. ഉച്ചയ്ക്ക് ഓഫീസിനു സമീപത്തെ ചെറിയ കടയിൽ നിന്ന് സ്ഥിരമായി കഴിച്ചിരുന്നത് കഞ്ഞി. 

പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകിയത്. അവിവാഹിതൻ ആയതിനാൽ  ശമ്പളം അധികം  ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴിയുണ്ടായിരുന്നു. സുരേഷ് കുമാറിൻ്റെ മുറിയിൽ നിന്ന് കണ്ടെത്തിയ നാണയത്തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 9000 രൂപയുടെ നാണയത്തുട്ടുകളാണ് ഉണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം