കെഎസ്ഇബി ബജറ്റില്‍ തെറ്റായ കണക്ക്, ചെയർമാനെതിരെ നടപടി വേണമെന്ന് ആവശ്യം

Published : Apr 12, 2022, 03:34 PM IST
കെഎസ്ഇബി ബജറ്റില്‍ തെറ്റായ കണക്ക്, ചെയർമാനെതിരെ നടപടി വേണമെന്ന് ആവശ്യം

Synopsis

സംഭവത്തിൽ ചെയർമാനും ഫിനാൻസ് ഡയറക്ടർക്കുമെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് നേതാക്കൾ

തിരുവനന്തപുരം കെ എസ് ഇ ബി ലിമിറ്റഡിന്റെ പുതുക്കിയ ബജറ്റിലും പുതിയ ബജറ്റിലും തെറ്റായ കണക്കെന്ന് ആരോപണം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പുതുക്കിയ ബജറ്റിലും പുതിയ സാമ്പത്തിക വ‍ർഷത്തിലേക്കുള്ള ബജറ്റിലും തെറ്റായ കണക്കുണ്ടെന്ന് ഇടത് അനുകൂല തൊഴിലാളി സംഘടനയുടെ നേതാക്കൾ കുറ്റപ്പെടുത്തി. സംഭവത്തിൽ ചെയർമാനും ഫിനാൻസ് ഡയറക്ടർക്കുമെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് നേതാക്കൾ.

ആരോപണം ഇങ്ങനെ

കെഎസ്ഇബി ലിമിറ്റഡിന്റെ 2021-22 വര്‍ഷത്തേക്കുള്ള പുതുക്കിയ ബഡ്ജറ്റും 22-23 വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് എസ്റ്റിമേറ്റും ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 14-03-2022ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ രേഖകള്‍ അംഗീകരിച്ചത്. 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ താരീഫില്‍ നിന്നുള്ള വരുമാനം (അന്തർ സംസ്ഥാന വില്പന ഒഴികെ) 15,644 കോടി രൂപയായിരിക്കേ 2022-23 ൽ നിലവിലുള്ള താരിഫ് അനുസരിച്ചുള്ള വരുമാനം 17,323 കോടി രൂപയാകുമെന്നാണ് ബജറ്റിൽ കാണിച്ചിരിക്കുന്നത്. വരുമാനം ഇങ്ങിനെ പെരുപ്പിച്ചു കാട്ടിയതിന്റെ ഫലമായി 2022-23 ൽ 496 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താരീഫ് വരുമാനത്തില്‍ 12 ശതമാനത്തോളം വര്‍ദ്ധനവുണ്ടാകുമെന്നാണ് ഇതനുസരിച്ച് കാണുന്നത്. വൈദ്യുതി വിതരണത്തില്‍ ഈ നിലയില്‍ വര്‍ദ്ധനവുണ്ടാകാതെ വരുമാനത്തില്‍ മാത്രം ഇങ്ങിനെ വര്‍ദ്ധനവുണ്ടാകുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകുന്നില്ല. 

    ബജറ്റിന്റെ പേജ് 22 ല്‍ ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ നല്‍കിയിട്ടുണ്ട്.  ഗാർഹിക ഉപഭോക്താക്കളിൽ നിന്നുള്ള വരുമാനം താരിഫ് വർദ്ധിപ്പിക്കാതെ തന്നെ 6,255 കോടി രൂപയിൽ നിന്നും 6,874 കോടിയായി വർദ്ധിക്കും എന്ന് കണക്കാക്കിയിരിക്കുന്നു. വാണിജ്യ വിഭാഗത്തിൽ നിന്നുള്ള വരുമാനം 3,492 കോടി രൂപയിൽ നിന്നും 3,973 കോടിയായി വർദ്ധിക്കും എന്നും കണക്കാക്കുന്നു. HT & EHT വിഭാഗത്തിൽ 3650 കോടിയിൽ നിന്നും 3916 കോടിയായി വർദ്ധിക്കും എന്നാണ് കണക്ക്. കെ.എസ്.ഇ.ബി ലിമിറ്റഡ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ള കണക്കുകളേക്കാള്‍ 664 മില്യണ്‍ യൂണിറ്റ് വൈദ്യുതി അധികം വിതരണം ചെയ്യും എന്ന നിലയിലാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.  എ.ആര്‍.ആര്‍ പെറ്റീഷനില്‍ വൈദ്യുതി ഉപഭോഗത്തില്‍ അഞ്ചുശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ബജറ്റില്‍ 7.5 ശതമാനം ഉപഭോഗ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. മുന്‍കാലങ്ങളിലെ ഉപഭോഗ വര്‍ദ്ധനവുകളുടെ കണക്കുകളനുസരിച്ച് എ.ആര്‍.ആര്‍ കണക്കുകള്‍ വസ്തുതയുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. എന്നാല്‍ ബജറ്റിലെ കണക്കുകളുടെ അടിസ്ഥാനമെന്തെന്ന് മനസ്സിലാകുന്നില്ല. 

    ബജറ്റുപ്രകാരമുള്ള കണക്കുകള്‍ തന്നെ ശരിയെന്ന നിലയിലെടുത്താലും ഓരോ ഉപഭോക്തൃ വിഭാഗത്തിലും ഉണ്ടാകുന്ന ഉപഭോഗ വര്‍ദ്ധനവിനേക്കാളും വലിയ വര്‍ദ്ധനവാണ് വരുമാനത്തില്‍ കാണിച്ചിട്ടുള്ളത്. ഉദാഹരണത്തിന് ഗാര്‍ഹിക മേഖലയില്‍ 6.5 ശതമാനം ഉപഭോഗ വര്‍ദ്ധനവ് കാണിച്ചിട്ടുണ്ട്. പക്ഷേ പത്തു ശതമാനം വരുമാന വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. എച്ച്.ടി./ ഇ.എച്ച്.ടി മേഖലയില്‍ 4 ശതമാനം ഉപഭോഗവര്‍ദ്ധനവ് പ്രതീക്ഷിക്കുമ്പോള്‍ വരുമാനം 7.5ശതമാനം കൂടുമെന്ന് ബജറ്റുകണക്കുകള്‍ പറയുന്നു. മൊത്തത്തില്‍     വൈദ്യുതി ബോര്‍ഡ് ലാഭകരമായി പ്രവര്‍ത്തിക്കുന്നു എന്ന് സ്ഥാപിക്കുന്നതിന് വരുമാനം പെരുപ്പിച്ചു കാണിക്കുന്ന സമീപനമാണ് ബജറ്റില്‍ ഉള്ളത്. കെ.എസ്.ഇ.ബി. ലിമിറ്റഡ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനു മുന്നില്‍ താരീഫ് പെറ്റീഷന്‍ സമര്‍പ്പിച്ച് അതിന്റെ പൊതുതെളിവെടുപ്പ് നടന്നു വരുന്ന സന്ദര്‍ഭത്തില്‍ അതിലെ കണക്കുകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു കണക്ക് ബജറ്റിന്റെ ഭാഗമായി നല്‍കുന്നത് എങ്ങിനെയെന്ന് മനസ്സിലാകുന്നില്ല. ബജറ്റിലെ തെറ്റായ ഈ കണക്കാക്കൽ കെ.എസ്.ഇ.ബി. ലിമിറ്റഡ്  റഗുലേറ്ററി കമ്മീഷനു മുന്നിൽ നല്കിയ പെറ്റീഷൻ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. 

    കെ.എസ്.ഇ.ബിയുടെ ബജറ്റിൽ റവന്യൂ വരവ് പെരുപ്പിച്ചു കാട്ടി ഫുൾ ബോർഡിനെ തെറ്റിദ്ധരിപ്പിച്ചതായാണ് മനസ്സിലാക്കുന്നത്. ഇത് ഗുരുതരമായ കൃത്യവിലോപവും സ്ഥാപനത്തിന്റെ ഭാവിയേപ്പോലും ബാധിക്കുന്നതുമാണ്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ സി.എം.ഡിയും ഡയറക്ടര്‍ (ഫിനാന്‍സും) ഇക്കാര്യത്തിലുണ്ടായ വീഴ്ചക്ക് ഉത്തരവാദികളാണ്.  ഈ സ്ഥാപനത്തിന്റെ ഉടമ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വീഴ്ച ഗൗരവമായി കാണണം. ഉചിതമായ നടപടി സ്വീകരിക്കണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ കൈകൾ വെട്ടി മാറ്റും; കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ്
ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയിൽ നിന്ന് ദിലീപ് പിന്മാറിയ സംഭവം; വിശദീകരണവുമായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്