
ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്ക്ക് 72 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഇന്ന് നിര്‍ണായകമായത്.
ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്. കാർവാര്‍ എംഎൽഎ, സതീഷ് സെയിൽ, കാർവാർ എസ്പി നാരായണ എന്നിവർ ഡ്രഡ്ജറിലുണ്ട്.
ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്‍റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. നാവികസേനയും ഈശ്വര്‍ മല്‍പേയുള്‍പ്പെടെയുള്ളവര്‍ തെരച്ചിലില്‍ പങ്കാളികളായിരുന്നു.
അര്‍ജുന്‍റെ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും കഴിഞ്ഞ ദിവസം ഷിരൂരിൽ തെരച്ചിൽ നടത്തുന്ന സ്ഥലത്തെത്തിയിരുന്നു. പിന്നീട് അവർ തിരികെ പോയി. തെരച്ചിലിൽ പങ്കാളികളായിരുന്ന നാവിക സേനയും ഇന്നലെയാണ് മടങ്ങിപ്പോയത്. തുടര്‍ന്ന് ഇന്നും തെരച്ചില്‍ നടത്തിയിരുന്നു. ക്യാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.ഫോറന്‍സിക് ഉദ്യോഗസ്ഥരുള്‍പ്പടെ സ്ഥലത്തുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam