
പാലക്കാട് : പാലക്കാട് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ആയ വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരെ പാലക്കാട് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 5 മുതൽ 8 വരെയുള്ള പ്രതികൾ ആണിവർ. ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്
പ്രതികൾക്കു ഷാജഹാനോട് വ്യക്തി വിരോധം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഷാജഹാൻ 2019 ൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിനു ശേഷമുള്ള പ്രവൃത്തികളിൽ പ്രതികൾക്ക് അതൃപ്തിയും എതിർപ്പുമുണ്ടായി. ആദ്യം പാർട്ടിയുമായി പ്രതികൾ അകന്നു, പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്നു. അകൽച്ച കൂടിക്കൂടി ശത്രുത ഉടലെടുത്തു. പ്രതികൾ രാഖി കെട്ടിയതിനെ ചൊല്ലിയും ഗണേശോത്സവത്തിന്‍റെ ഫ്ലെക്സ് ബോർഡ് വച്ചതുമായി ബന്ധപ്പെട്ടും അടുത്ത കാലത്ത് തർക്കമുണ്ടായി. ഓഗസ്റ്റ് പതിനാലിനു പകലും ഒന്നാം പ്രതി നവീനുമായി ഷാജഹാൻ ഇതേ വിഷയത്തിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടു. ഇതാണ് പെട്ടെന്നുള്ള പ്രകോപനം എന്നാണ് പാലക്കാട് എസ് പി ആർ. വിശ്വനാഥ് ഒടുവിൽ മാധ്യമങ്ങളെ കണ്ടപ്പോൾ അറിയിച്ചത്. ഓരോ പ്രതികൾക്കും ഓരോ കാരണം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. കൊലപാതകത്തിന്‍റെ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ ആണെന്നാണ് പൊലീസിന്‍റെ ഒടുവിലത്തെ നിഗമനം. എട്ടുപേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്.
കൊലയുടെ രീതി
ആദ്യം വെട്ടിയത് കാലിന്. ഷാജഹാൻ ഓടി രക്ഷപ്പെടരുത് എന്നതായിരുന്നു കൊലയാളികളുടെ ഉദ്ദേശം എന്ന് വ്യക്തം. രണ്ടാംവെട്ട് കയ്യിലായിരുന്നു. തിരിച്ച് ആക്രമിക്കാൻ കഴിയരുത് എന്നതായിരുന്നു ലക്ഷ്യം. കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ട്. പത്തുതവണ വെട്ടേറ്റതിന്‍റെ പാടുകൾ ഉണ്ടെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട് പറയുന്നത്. കുന്നങ്കാട് സ്വദേശികളായ ശബരീഷ് , അനീഷ് , സുജീഷ് എന്നിവരാണ് ഷാജഹാനെ വെട്ടിവീഴ്ത്തിയത്. മറ്റുപ്രതികളായ വിഷ്ണു , സുനീഷ് , ശിവരാജൻ , സതീഷ് എന്നിവർ കൊലപാതകം നടന്ന സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. രക്ഷപ്പെടുത്താനോ, തടയാനോ ഒരാളും എത്താതിരിക്കാനുള്ള കവചമായിരുന്നു അത്.ആവർത്തിച്ചാവർത്തിച്ച് ഷാജഹാനെ വെട്ടാൻ തുനിഞ്ഞപ്പോൾ, സുഹൃത്തും ദൃക്സാക്ഷിയുമായി സുരേഷ് ഷാജഹാന്‍റെ ദേഹത്ത് കിടന്ന് പ്രതിരോധിച്ചു. സുരേഷിന് നേരെ പ്രതികൾ വാളോങ്ങിയപ്പോഴാണ്, പ്രതികളിൽ നിന്ന് ഒരാൾ വിളിച്ചു പറഞ്ഞത്. എന്‍റെ അച്ഛനാണ് വെട്ടരുത് എന്നാണ്.!!! പ്രതിയുടെ പേര് സുജീഷ്. പക്ഷേ, ഷാജഹാൻ രക്ഷപ്പെടില്ല എന്നുറപ്പായപ്പോഴാണ് പ്രതികൾ ഓടി രക്ഷപ്പെട്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവനറ്റുപോയിരുന്നു. ഉറ്റസുഹൃത്തും ദൃക്സാക്ഷിയുമായ സുരേഷിന്‍റെ ഭാഷയിൽ പറഞ്ഞാൽ. 'അവൻ തണുത്ത് പോയിരുന്നു!'.