
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. കേസിൽ നാലുപേരെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ചാവർകോട് സ്വദേശികളായ ഹരിലാൽ (34), സുമേഷ് (34), ബിജു (47), വിനോദ് (30) എന്നിവരാണ് പിടിയിലായത്.
ഓഗസ്റ്റ് 11-ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കല്ലമ്പലം വെട്ടിയറ സ്വദേശി മുഹമ്മദ് ബിലാലിനാണ് മർദനമേറ്റത്. കഴിഞ്ഞ വർഷത്തെ അത്തപ്പൂക്കളം പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായ തർക്കത്തിൽ ബിലാൽ ഇടപെട്ട് സംസാരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യത്തെ തുടർന്ന്, ചാവർകോടുള്ള ചപ്പാത്തിക്കടയ്ക്ക് സമീപം വച്ച് പ്രതികളിലൊരാൾ ബിലാലിനെ തടഞ്ഞുനിർത്തി വാക്കുതർക്കമുണ്ടാക്കുകയായിരുന്നു.
തുടർന്ന് മറ്റ് പ്രതികളും ചേർന്ന് ബിലാലിനെ നിലത്തിട്ട് ക്രൂരമായി മർദിക്കുകയും തുണിക്കയർ ഉപയോഗിച്ച് ഇരുകൈകളും കൂട്ടിക്കെട്ടിയ ശേഷം പാറക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ബിലാലിനെ പ്രതികൾ വീണ്ടും പിന്തുടർന്ന് ആക്രമിച്ചു.
തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ബിലാൽ നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം നടത്തിയ കല്ലമ്പലം പൊലീസ് നാലുപേരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ടു പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam