വഞ്ചിയൂരിൽ വളര്‍ത്തുനായ അടക്കം നാല് നായകൾ ചത്ത നിലയിൽ: വിഷം കൊടുത്ത് കൊന്നെന്ന് സംശയം

By Web TeamFirst Published Sep 15, 2022, 7:32 PM IST
Highlights

ഒരു കാറിൽ എത്തിയവർ നൽകിയ ഭക്ഷണം കഴിച്ചാണ് പട്ടികൾ ചത്തതെന്ന് സമീപവാസികൾ പറയുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഒരു വളർ‍ത്തു നായയടക്കം നാല് നായകൾ ചത്ത നിലയിൽ. വഞ്ചിയൂരിലാണ് മൂന്ന് തെരുവ് നായകളേയും ഒരു വള‍ര്‍ത്തു നായയേയും ചത്ത നിലയിൽ കണ്ടെത്തിയത്. ഭക്ഷണത്തിൽ വിഷം കല‍ര്‍ത്തി നൽകി നായകളെ കൊന്നുവെന്നാണ് സംശയിക്കുന്നത്. ഒരു കാറിൽ എത്തിയവർ റോഡിൽ കൊണ്ടു വച്ച ഭക്ഷണം കഴിച്ചതിന് ശേഷമാണ് പട്ടികൾ ചത്തതെന്നും സമീപവാസികൾ പറയുന്നു. 

അതേസമയം സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തില്‍ ഇന്ന്  അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെല്ലാം ഇരുചക്രവാഹന യാത്രക്കാരാണ്. ഇടുക്കി തോപ്രാംകുടിയില്‍ വളര്‍ത്ത് നായയുടെ കടിയേറ്റ ഒരു വീട്ടമ്മയും ഇന്ന് ചികിത്സ തേടി.

ഇടുക്കിയിലും കോഴിക്കോടുമാണ് ഇരു ചക്രവാഹനക്കാര്‍ക്ക് നേരെ ഇന്ന് തെരുവ് നായ ആക്രമണം ഉണ്ടായത്. കോഴിക്കോട് മാവൂരില്‍ ഇന്ന് പുലര്‍ച്ചയോടെ ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്കാണ് സാരമായി പരിക്കേറ്റത്. മാവൂര്‍ കല്‍പ്പള്ളിയില്‍ ബൈക്കിന് കുറുകെ നായ ചാടി ചെറൂപ്പ് ചെട്ടിക്കടവ് സ്വദേശി ഷബീര്‍, അഭിലേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും കൈക്കും കാലിനുമാണ് പരിക്ക്. 

കോഴിക്കോട്- ഉള്ളിയേരി  സംസ്ഥാന പാതയിലാണ് തെരുവ് നായ ബൈക്കിന് കുറുകെ ചാടി മറ്റൊരു അപകടം ഉണ്ടായത്. അംജദ്, അമല്‍ മോഹന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ബാലുശേരി ബി.എഡ് കോളേജിലെ വിദ്യാര്‍ത്ഥികളാണിവര്‍. മൊടക്കല്ലൂരില്‍ രാവലെ പത്ത് മണിയോടെയാണ് സംഭവം.

ഇടുക്കിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഇരു ചക്രവാഹനം അപകടത്തില്‍പെട്ടു വാഹനത്തില്‍ പാലുമായി പോകുമ്പോള്‍ നായ്ക്കള്‍ പുറകില്‍ ഓടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം കുന്നേല്‍ സ്വദേശി റജിക്കാണ് പരിക്കേറ്റത്. വളര്‍ത്തു നായയുടെ കടിയേറ്റ് തോപ്രാംകുടി സ്വദേശിയായ വീട്ടമ്മ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

കോഴിക്കോട്  കൊയിലാണ്ടിക്കടുത്ത് ചെങ്കോട്ട് കാവില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ തെരുവ് നായപാഞ്ഞടുത്തു. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കടിക്കാനിയ പാഞ്ഞടുത്തത്. വിദ്യാര്‍ത്ഥിനി ഓടി തൊട്ടടുത്ത കടയില്‍ കയറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.

click me!