അരിക്കൊമ്പനെ വരുതിയിലാക്കാൻ മുത്തങ്ങയിലെ നാൽവർ സംഘം, താരമായി സൂര്യനും വിക്രവും സുരേന്ദ്രനും കുഞ്ചുവും

By Web TeamFirst Published Mar 22, 2023, 8:09 AM IST
Highlights

കാടും നാടും അറിയുന്ന അരികൊമ്പന് ഒത്ത എതിരാളികളാണ് ചുരമിറങ്ങുന്നത്


വയനാട്: കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവായതോടെ മുത്തങ്ങയിലെ കുങ്കി ക്യാമ്പ് ശ്രദ്ധാ കേന്ദ്രമാവുകയാണ്. ഇടുക്കിയെ വിറപ്പിക്കുന്ന അരികൊമ്പനെ വരച്ച വരയിൽ നിർത്താൻ മിടുമിടുക്കരായ നാൽവർ സംഘമാണ് രംഗത്തുള്ളത്.

 

ഒരു ദൗത്യത്തിന് വേണ്ടി മാത്രം മുത്തങ്ങയിൽ നിന്ന് നാല് കുങ്കികളെ രംഗത്തിറക്കുന്നത് ഇതാദ്യം. കൂട്ടത്തിൽ പരിചയ സമ്പന്നൻ 35 വയസുകാരനായ കുഞ്ചു. അപകടം പിടിച്ച ഒട്ടനവധി ദൗത്യങ്ങളിൽ വനം വകുപ്പിന്‍റെ തുറുപ്പു ചീട്ട്. 2005 ൽ കോടനാട് ആന ക്യാമ്പിൽ നിന്നും മുത്തങ്ങയിലെത്തി. വയനാട്ടുകാരെ വിറപ്പിച്ച കല്ലൂർ കൊമ്പനെ അടക്കം 4 കാട്ടാനകളെ കുഞ്ചു വരുതിയിലാക്കി.

പിടി 7 നെയും പിഎം 2 വിനെയും അച്ചടക്കം പഠിപ്പിച്ച സുരേന്ദ്രനാണ് മുത്തങ്ങ ക്യാമ്പിലെ താര രാജാവ്. കോന്നിക്കാരുടെ പ്രിയപ്പെട്ടവന് ആരാധക ലക്ഷങ്ങളുണ്ട്. 1999 ൽ രാജാന്പാറയിൽ തള്ളയാന ചരിഞ്ഞപ്പോൾ ഒറ്റപ്പെട്ടുപോയതാണ് സുരേന്ദ്രൻ. മാസങ്ങൾ മാത്രം പ്രായമുണ്ടായിരുന്ന സുരേന്ദ്രനെ കോന്നിക്കാർ എടുത്തു വളർത്തി. മുതുമല ആന ക്യാമ്പിൽ നിന്ന് പയറ്റി തെളിഞ്ഞു.

ഒരു കാലത്ത് വയനാട്ടുകാരുടെ ഉറക്കം കെടുത്തിയ വിക്രമെന്ന വടക്കനാട് കൊമ്പനാണ് ടീം ലീഡർ. 2 പേരെ കൊന്ന കൊലകൊമ്പൻ രണ്ട് മാസം കൊണ്ട് ചട്ടം പഠിച്ച് പുറത്തിറങ്ങി. ഇന്ന് നാട്ടിലിറങ്ങുന്ന കാട്ടാനകളുടെ പേടി സ്വപ്നം. 2019 ൽ വടക്കനാട് കൊന്പനെ കൂട്ടിലാക്കാൻ സൂര്യനെന്ന കൊന്പനും ഉണ്ടായിരുന്നു. 1995 ൽ മുത്തങ്ങ റെയ്ഞ്ചിലെ ചെട്ട്യാലത്തൂരിൽ നിന്നും വനം വകുപ്പിന് കിട്ടിയ മാണിക്യം. ഇതാദ്യമായി ഇരുവരും ഒരുമിച്ചിറങ്ങുന്നു. അരികൊന്പനെ പൂട്ടാൻ. മദപ്പാടായതിനാൽ സ്ഥിര സാന്നിധ്യമായിരുന്ന കല്ലൂർ കൊന്പനെന്ന ഭരതൻ ഈ ദൗത്യത്തിനില്ല.

കാടും നാടും അറിയുന്ന അരികൊമ്പന് ഒത്ത എതിരാളികളാണ് ചുരമിറങ്ങുന്നത്. ആദ്യ ശ്രമത്തിൽ തന്നെ വിജയം ഉറപ്പിച്ച് തിരിച്ചുവരവിനായി മുത്തങ്ങ കാത്തിരിക്കുന്നു.

 

click me!