
തിരുവനന്തപുരം: ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വീണ്ടും ഉയർന്നതോടെ തലസ്ഥാനത്തെ ആശങ്ക കൂടി. ഉറവിടമറിയാതെ നാല് പുതിയ കേസുകളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. അപകടകരമായ സാഹചര്യമാണ് നഗരത്തിലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍.
നഗരഹൃദയത്തിലെ തിരക്കേറിയ സാഫല്യം കോംപ്ലക്സിലെ ജീവനക്കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച അസം സ്വദേശി. നിരവധി പേർ വന്നുപോയിരുന്ന സ്റ്റേഷനറി കടയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് യാത്രാ പശ്ചാത്തലമൊന്നുമില്ല. രോഗലക്ഷണങ്ങളോടെ 29ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതോടെ സാഫല്യം കോംപ്ലക്സിനോട് ചേർന്നുള്ള പാളയം മാർക്കറ്റിൽ അടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. വഴിയോര കച്ചവക്കാരെ അനുവദിക്കില്ല. മാർക്കറ്റിന്‍റെ മുൻഗേറ്റിലൂടെ മാത്രമേ ആളുകളെ കടത്തിവിടുള്ളൂ. മാർക്കറ്റിലെത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനായി പ്രത്യേക കൗണ്ടർ ഉണ്ടാകും.
വഞ്ചിയൂരിലെ ലോട്ടറി കച്ചവടക്കാരന് രോഗം പിടിപ്പെട്ടത് എവിടെ നിന്നാണെന്നതിലും ആശങ്കയുണ്ട്. പനി ബാധിച്ച നിലയിൽ റോഡിൽ കണ്ടെത്തിയ ഇദ്ദേഹത്തെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. നേരത്തെ വഞ്ചിയൂരിൽ തന്നെ ഉറവിടം അറിയാതെ വൈറസ് ബാധിച്ച് ഒരാൾ മരണപ്പെട്ടിരുന്നു.
വിഎസ്‍എസിയിൽ ജോലി ചെയ്തിരുന്ന 25കാരനാണ് നെയ്യാറ്റിൻകരയിൽ രോഗം പിടിപ്പെട്ടത്. ബാലരാമപുരത്തെ 47കാരനായ രോഗിക്കും യാതൊരു സമ്പർക്ക, യാത്രാ പശ്ചാത്തലവുമില്ല. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ രോഗബാധ കണക്കിലെടുത്ത് ഓഫീസുകളിലും ബസ് സ്റ്റാൻഡുകളിലും സൂപ്പർ മാർക്കറ്റുകളിലും തിരക്ക് ഒഴിവാക്കാൻ ഇന്ന് മുതൽ കർശന നടപടിയുണ്ടാകും. സമരങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമാക്കും. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങൾ ഇന്ന് അണുവിമുക്തമാക്കും. വഞ്ചിയൂരും കുന്നുംപ്പുറവും കണ്ടെയിന്‍മെന്‍റ് സോണുകളാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam