
കൊച്ചി: വിദേശ കറന്‍സി ട്രേഡിംഗ് വഴി ലാഭം ഉണ്ടാക്കാമെന്ന് തെറ്റിധരിപ്പിച്ച് കൊച്ചി കാക്കനാട് സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത് ഏഴ് കോടിയോളം രൂപ. തട്ടിപ്പ് കമ്പനി നിര്‍ദേശിച്ച 12 അക്കൗണ്ടുകളിലേക്കായാണ് പണം പോയത്. ടെലഗ്രാമിലൂടെയായിരുന്നു 10 മാസത്തോളം നീണ്ടുനിന്ന കൊടുംചതി. ഇന്‍ഫോ പാര്‍ക്കിലെ പ്രമുഖ കമ്പനിയുടെ ഉടമയ്ക്കാണ് ഒരൊറ്റ ഗൂഗിള്‍ സെര്‍ച്ചിലൂടെ കോടികള്‍ നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് വന്‍ തട്ടിപ്പിന്‍റെ തുടക്കം.
55 കാരനായ കമ്പനി ഉടമ അമേരിക്കയിലേക്ക് നേരിട്ട് പണമയക്കാന്‍ എന്ത് ചെയ്യണമെന്ന് ഗൂഗിളില്‍ സെർച്ച് ചെയ്തു. ചെന്നു കയറിയത് സ്റ്റാര്‍ബാനര്‍ ഗ്ലോബല്‍ എന്ന വെബ് സൈറ്റിലാണ്. ഫോണ്‍ നമ്പറും ഇമെയിലും നല്‍കിയതോടെ മിനിറ്റുകള്‍ക്കകം വിളിയെത്തി. കറന്‍സി ട്രേഡിങ്ങിലൂടെ വന്‍ ലാഭമുണ്ടാക്കിത്തരാമെന്നായിരുന്നു വാഗ്ദാനം. അതുവഴി വിജയിച്ചവരുടെ പരസ്യങ്ങളും പ്രമോഷനും പിന്നാലെയെത്തി. ചതിവലയില്‍ വീണ പരാതിക്കാരന്‍ തട്ടിപ്പ് കമ്പനിയുടെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. ഇടപാടിന്‍റെ സൗകര്യാര്‍ഥം ടെലഗ്രാം ആപ്പിലും കയറി.
സ്റ്റാര്‍ ബാനര്‍ കസ്റ്റമര്‍ സര്‍വീസ് 12 എന്ന ടെലഗ്രാം അക്കൗണ്ടില്‍ നിന്നായിരുന്നു പിന്നീടുള്ള ആശയവിനിമയം. ഫോറെക്സ് ട്രേഡിങ്ങിനായി പണം നിക്ഷേപിക്കാന്‍ ഓരോ തവണയും തട്ടിപ്പുകാര്‍ വിവിധ അക്കൗണ്ട് വിവരങ്ങള്‍ പരാതിക്കാരന് അയച്ചുകൊടുത്തു. ഒരു വട്ടം പോലും ചിന്തിക്കാതെ പണം നല്‍കിക്കൊണ്ടേയിരുന്നു. അങ്ങനെ 12 അക്കൗണ്ടുകളിലേക്ക് പണം പോയി. കഴിഞ്ഞ ജൂണ്‍ വരെ ഇതേ തട്ടിപ്പ് ആവര്‍ത്തിച്ചു. പരാതിക്കാരന്‍റെ കാക്കനാടനുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും ഭാര്യയുടെ തിരുവല്ലയിലുള്ള ജോയിന്‍റ് ബാങ്ക് അക്കൗണ്ടില്‍ നിന്നും അതിനോടകം ആറ് കോടി 93 ലക്ഷത്തി 20,000 രൂപ നഷ്ടപ്പെട്ടിരുന്നു.
ജൂണ്‍ 28നാണ് 55 കാരന്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസിനെ സമീപിക്കുന്നത്. വൈകിയെത്തിയെങ്കിലും പരാതിയില്‍ അന്വേഷണം തുടരുകയാണ്. പണം നഷ്ടമായെന്ന് ബോധ്യമായാല്‍ ഉടന്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസിന്‍റെ നിര്‍ദേശം. അങ്ങനെയെങ്കില്‍ പണം കൈമാറിയ അക്കൗണ്ട് നിമിഷങ്ങള്‍ക്കകം മരവിപ്പിക്കും. തുടര്‍ നടപടികളും സ്വീകരിക്കും. ഒരു മുന്നറിയിപ്പ് കൂടി പൊലീസ് നല്‍കുന്നു. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളെ കണ്ണടച്ച് വിശ്വസിക്കരുത്. സേവിംഗ്സ് ബാങ്ക് വിവരങ്ങള്‍ തേടിയാല്‍ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam