
കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണ്ണം തട്ടിയെടുക്കാനായി മുൻ മാനേജർ പകരം വെച്ച വ്യാജ സ്വർണ്ണം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മധ ജയകുമാർ വച്ച 26 കിലോ വ്യാജ സ്വർണ്ണമാണ് കണ്ടെടുത്തത്. ബാങ്കിൽ നിന്നും 40 കോടിയോളം രൂപയാണ് സ്വകാര്യ ധനകാര്യ സ്ഥാപനം സ്വർണ പണയത്തിൽ വായ്പയെടുത്തത്. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം ബാങ്കിലെത്തിയാണ് വ്യാജ സ്വർണ്ണം കസ്റ്റഡിയിലെടുത്തത്.
സ്വകാര്യ ധനകാര്യ സ്ഥാപനം ബാങ്കിൽ പണയം വെച്ച 26 കിലോ സ്വർണ്ണമാണ് ബാങ്ക് മാനേജർ കൂടിയായ പ്രതി കവർന്നത്. ഇതിന് പകരമായാണ് ഇത്രയും അളവിൽ വ്യാജ സ്വർണ്ണം പകരം വച്ചത്. 44 കിലോ സ്വർണ്ണമാണ് സ്വകാര്യ ധന കാര്യസ്ഥാപനം ബാങ്കിൽ പണയം വച്ചിരുന്നത്. ഇങ്ങനെ 72 സ്വർണ്ണ പണയ അക്കൗണ്ടുകളിലായി 40 കോടിയോളം രൂപ വായ്പ എടുക്കുകയും ചെയ്തു. സ്വർണം നഷ്ടപ്പെട്ടത് സംബന്ധിച്ച് സ്വകാര്യ ധനകാര്യ സ്ഥാപന മേധാവികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ബാങ്കിലെ ഇടപാടുകൾ സംബന്ധിച്ച രേഖകൾ പരിശോധിച്ച പൊലീസ് ഹെഡ് ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ തേടി. തെലങ്കാനയിൽ നിന്നും ഇന്നലെ പിടിയിലായ പ്രതിയെ ഇന്ന് രാവിലെ കൊയിലാണ്ടി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനായി നാളെ അന്വേഷണ സംഘം അപേക്ഷ നല്‍കും.
എന്നാല്‍, ഇത്ര അധികം സ്വർണ്ണം പ്രതി എന്ത് ചെയ്തു എന്ന് കണ്ടെത്താനായിട്ടില്ല. ചോദ്യം ചെയ്യലിൽ ഇത് വ്യക്തമാകുമെന്നാണ് പ്രതീക്ഷ. മധ ജയകുമാറിന്‍റെ ഭാര്യയെ ചോദ്യം ചെയ്യാനും അന്വഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ഇൻഷുറൻസ് കമ്പനി ജീവനക്കാരനും തട്ടിപ്പിൽ പങ്കുണ്ടെന്ന് സൂചനയുണ്ട്. ഇയാളെയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam