
കോട്ടയം: പിറവത്തുകാർക്ക് പോത്തിറച്ചിയും പിടിയും ഫ്രീ ആയി കഴിക്കാൻ യോഗമുണ്ടോ എന്ന് നാളെ അറിയാം. കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ജയിച്ചാൽ 2000 പേർക്ക് പിടിയും പോത്തും വിളമ്പാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് പിറവത്തെ ജനകീയ സമിതി. ഇതിനു നേതൃത്വം നൽകുന്നതാകട്ടെ തോമസ് ചാഴിക്കാടന്റെ പക്ഷക്കാരനായ കേരള കോൺഗ്രസ് നേതാവാണ്.
രണ്ട് കേരള കോണ്‍ഗ്രസുകാർ ഏറ്റുമുട്ടിയ മണ്ഡലമാണ് കോട്ടയം. ജനവിധി നാളെ അറിയാം. പെട്ടി പൊട്ടിക്കുമ്പോള്‍ ഫ്രാൻസിസ് ജോർജ് ജയിക്കുമെന്ന് ഉറപ്പിച്ചാണ് പിറവത്തെ ജനകീയ സമിതി നാട്ടുകാർക്ക് പിടിയും പോത്തും വിളമ്പുന്നത്. അത്രയ്ക്കുണ്ട് തോമസ് ചാഴിക്കാടനെതിരായ ജനവികാരമെന്നാണ് ജനകീയ സമിതി പറയുന്നത്. കഴിഞ്ഞ തവണ ജയിച്ചിട്ട് നന്ദി പോലും പറയാൻ ഈ വഴി വന്നില്ല എന്നാണ് നാട്ടുകാരിൽ ചിലരുടെ പരിഭവം.
രാവിലെ എട്ടരയാകുമ്പോള്‍ തന്നെ പിടിയും പോത്തും വിളമ്പുമെന്ന് ജനകീയ സമിതി നേതാക്കള്‍ പറയുന്നു. ഒരാളുടെ തോൽവിയാണ് ആഘോഷിക്കാൻ പോകുന്നതെന്നും നേതാക്കള്‍ പറഞ്ഞു. പരിപാടിക്ക് നേതൃത്വം നൽകുന്നത് എൽഡിഎഫിൽ തന്നയുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവും പിറവം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജിൽസ് പെരിയപുറമാണ്. കഴിഞ്ഞ അഞ്ച് വർഷം തോമസ് ചാഴിക്കാടൻ തികഞ്ഞ പരാജയമാണെന്നാണ് ജിൽസ് പെരിയപുറത്തിന്‍റെ അഭിപ്രായം. ഇത്തരമൊരു ആഘോഷത്തിന് നേതൃത്വം നൽകിയാൽ മുന്നണിയിൽ പ്രശ്നമാവില്ലേയെന്ന് ചോദിച്ചപ്പോള്‍ നാടിന്‍റെ വികസനമാണ് പ്രധാനമെന്നാണ് മറുപടി. തെരഞ്ഞെടുപ്പ് ഫലം എന്തായാലും, പോത്തിന്‍റെയും പിടിയുടെയും രുചി നാവിൽ നിന്നിറങ്ങിയാലും പിറവത്ത് ഇതിന്‍റെ രാഷ്ട്രീയം ചൂടോടെ തന്നെ നിൽക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam