മൂന്ന് പതിറ്റാണ്ടിന്‍റെ സൗഹൃദത്തിന് വിട; കണ്ഠമിടറി, കോടിയേരിക്ക് ലാല്‍സലാം വിളിച്ച് പിണറായി

By Web TeamFirst Published Oct 3, 2022, 5:12 PM IST
Highlights

" സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചത് പൊടുന്നനെ സംഭവിച്ചിരിക്കുന്നു. പക്ഷേ, സഖാവ് കോടിയേരിക്ക് മരിക്കാനാവില്ല - ഈ നാടിന്‍റെ, നമ്മുടെയാകെ ഹൃദയങ്ങളിൽ ആ സ്നേഹസാന്നിധ്യം എന്നുമുണ്ടാകും."


" സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചത് പൊടുന്നനെ സംഭവിച്ചിരിക്കുന്നു. പക്ഷേ, സഖാവ് കോടിയേരിക്ക് മരിക്കാനാവില്ല - ഈ നാടിന്‍റെ, നമ്മുടെയാകെ ഹൃദയങ്ങളിൽ ആ സ്നേഹസാന്നിധ്യം എന്നുമുണ്ടാകും." എന്നാണ് കോടിയേരി ബാലകൃഷ്ണന്‍റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. അതിനുമപ്പുറത്തായിരുന്നു ആ അത്മബന്ധമെന്ന് ഇന്ന് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം സംസ്കരിക്കാനായി എടുത്തപ്പോള്‍ ഒരു തലയ്ക്കല്‍ മൃതദേഹത്തെ താങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടവര്‍ക്ക് മനസിലാകും. മുന്‍ മുഖ്യമന്ത്രി നായനാരുടെ മരണ വേളയിലും ആദ്യന്തം കൂടെയുണ്ടായിരുന്നത് പിണറായി വിജയനായിരുന്നു. ഇന്നലെ കോടിയേരിയുടെ അന്ത്യയാത്രയിലും ഏതാണ്ട് ഏഴ് മണിക്കൂറോളം മൃതദേഹത്തെ അനുഗമിച്ച അദ്ദേഹം ഇന്ന് സംസ്കാര സമയത്തും കൂടെയുണ്ടായിരുന്നു. 

ഇന്ന് കണ്ണൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആധിപത്യമുള്ള ജില്ലകളിലൊന്നാണ്. എന്നാല്‍, 60 -70 വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. എന്തിന് കോടിയേരി ബാലകൃഷ്ണന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന്‍ പിറന്ന് വീണ മുട്ടേമ്മല്‍ വീട് പോലും കോണ്‍ഗ്രസ് കുടുംബമായിരുന്നു. കോണ്‍ഗ്രസ് പാരമ്പര്യം പേറുന്നവരായിരുന്നു മുട്ടേമ്മല്‍ തറവാട്ടിലുള്ളവര്‍. എന്നാല്‍, അമ്മാവന്‍ നാണു നമ്പ്യാരുടെ രാഷ്ട്രീയ ശിക്ഷണത്തില്‍ കോടിയേരി ബലകൃഷ്ണനും പതിയെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് അടുത്തു. എട്ടാം ക്ലാസില്‍ വച്ച് കേരള സ്റ്റുഡന്‍സ് ഫെഡറേഷനില്‍ ചേര്‍ന്ന് ബാലകൃഷ്ണന്‍ തന്‍റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചു. ഓണിയന്‍ സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കെഎസ്എഫിന്‍റെ യൂണിറ്റ് ഉദ്ഘാടനത്തിനെത്തിയ വിജയനെ ബാലകൃഷ്ണന്‍ ആദ്യമായി കാണുന്നത്. അന്ന് യൂണിറ്റ് സെക്രട്ടറിയായിരുന്നു ബാലകൃഷ്ണന്‍. കണ്ണൂരില്‍ വച്ച് കെഎസ്എഫിന്‍റെ സംസ്ഥാനതല ക്യാമ്പില്‍ വച്ച് ഇരുവരും അടുത്തു. പിന്നീട് മരണം വരെ ആ സൗഹൃദവും ആത്മബന്ധവും തുടര്‍ന്നു. 

അടിയന്തരാവസ്ഥാ കാലത്ത് തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ പ്രകടനം നടന്നു. ഇതിനെ തുടര്‍ന്ന് അറസ്റ്റും ലോക്കപ്പും. ലോക്കപ്പില്‍ അതിക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. കൂടെ ഉണ്ടായിരുന്ന സഹതടവുകാരില്‍ ഒരാള്‍ പിണറായി വിജയനായിരുന്നു.  'ഒരേ സമയത്താണ് ഞങ്ങൾ ഇരുവരെയും അറസ്റ്റ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ എട്ടാം ബ്ലോക്കിൽ തൊട്ടടുത്തുള്ള സിമന്‍റു കട്ടിലുകളിലായിരുന്നു കിടത്തം. പൊലീസ് മർദ്ദനമേറ്റ് അവശനിലയിലായിരുന്നു ഞാൻ. ആ അവസ്ഥയിൽ സഹോദരന്‍റെ കരുതലോടെ ബാലകൃഷ്ണൻ എന്നെ സഹായിച്ചു. സഖാക്കൾ തമ്മിലുള്ള ബന്ധത്തിന്‍റെ ആഴവും അർത്ഥവും വെളിപ്പെടുത്തിയ അനുഭവമായിരുന്നു അത്. ഇമ്പിച്ചിബാബ, വി.വി. ദക്ഷിണാമൂർത്തി, എം.പി. വീരേന്ദ്ര കുമാർ, ബാഫക്കി തങ്ങൾ, തുടങ്ങിയവരും അന്ന് ജയിലിൽ ഒപ്പം ഉണ്ടായിരുന്നുവെന്ന് ഓർക്കുന്നു. ജയിൽ ദിനങ്ങൾ പഠനത്തിന്‍റെ ദിനങ്ങളായിക്കൂടി കോടിയേരി മാറ്റി.' പിണറായി വിജയന്‍ ആ കാലത്തെ ഇങ്ങനെ ഓര്‍ത്തെടുക്കുന്നു. മിസ പ്രകാരം അറസ്റ്റിലായി, ജയിലില്‍ വച്ച് ഏറ്റവും കൂടുതല്‍ മര്‍ദ്ദനമേറ്റ് വാങ്ങിയ പിണറായി വിജയനെ ശുശ്രൂഷിക്കാന്‍ പാര്‍ട്ടി കണ്ടെത്തിയത് ജയിലില്‍ പിണറായിക്കൊപ്പമുണ്ടായിരുന്ന ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനായ കോടിയേരി ബാലകൃഷ്ണനെയായിരുന്നു. 27 ദിവസത്തെ ആ തടവ് കാലത്ത് ഒരു സഹോദരനെ എന്ന പോലെയാണ് ബാലകൃഷ്ണന്‍ തന്നെ നോക്കിയതെന്ന് പിണറായി വിജയന്‍ ഓര്‍ക്കുന്നു. അന്ന് തുടങ്ങിയ ആത്മബന്ധം മരണം വരെ തുടര്‍ന്നതിന് കേരളം സാക്ഷി. 

പിന്നീട് കണ്ണൂരില്‍, പിണറായിക്ക് ഏറ്റവും വിശ്വാസമുണ്ടായിരുന്ന ആളായി കോടിയേരി ബാലകൃഷ്ണന്‍ മാറി. എം വി രാഘവന്‍ സിപിഎം വിട്ടപ്പോള്‍, കണ്ണൂരിന്‍റെ സാരഥ്യം ഏറ്റെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് 36 വയസ് മാത്രമുള്ള കോടിയേരി ബാലകൃഷ്ണന്‍. ചടയന്‍ ഗോവിന്ദന്‍റെ മരണത്തെ തുടര്‍ന്ന് പിണറായി സിപിഎം സംസ്ഥാന സെക്രട്ടറിയപ്പോഴും ഒപ്പം കോടിയേരി ഉറച്ച് നിന്നു. പതുക്കെ കേന്ദ്ര കമ്മറ്റിയിലേക്കും പോളിറ്റ് ബ്യൂറോയിലേക്കും ഒടുവില്‍ സംസ്ഥാന സെക്രട്ടറി പദവിയിലേക്കും കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോഴൊക്കെ ഒരു ജ്യേഷ്ഠനെ പോലെ പിണറായി വിജയനും ഒപ്പം നിന്നു. 2015 ലും 2018 ലും 2022 ലും കോടിയേരി ബാലക‍ൃഷ്ണന്‍ പാര്‍ട്ടിയുടെ സാരഥ്യം ഏറ്റെടുത്തപ്പോഴൊക്കെ കാവലായി പിണറായി വിജയനുണ്ടായിരുന്നു.

13 -ാം വയസില്‍ കെഎസ്എഫിന്‍റെ യൂണിറ്റ് സെക്രട്ടറിയായിരിക്കുമ്പോള്‍ തുടങ്ങിയ ആത്മബന്ധം ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം നിലനിന്നു. വിഭാഗീയതയുടെ കാലത്ത് പോലും കോട്ടം തട്ടാതെ, പിണറായിയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ' സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ.' ഇന്ന് ആ വഴി പിരിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ പോകുമ്പോള്‍ യാത്രയാക്കാന്‍ ജ്യേഷ്ഠനോളം വലിയ ആ സുഹൃത്ത് ഒപ്പം നടന്നു.   

click me!