
തൃക്കാക്കര: അങ്കണവാടി കുട്ടികൾ മുതൽ 104 വയസ്സുള്ള അബ്ദുല്ല മൗലവി വരെ ഡിജിറ്റലായി സ്മാർട്ടാകുന്ന കേരളമാണ് നവകേരളമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തൃക്കാക്കര നഗരസഭ 23-ാം ഡിവിഷനിൽ പൂർത്തീകരിച്ച അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളർന്നുവരുന്ന കുട്ടികൾക്ക് നല്ല സൗകര്യങ്ങളോടെ മികച്ച വിദ്യാഭ്യാസം ലഭിക്കണം എന്നതാണ് സർക്കാർ സമീപനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നഗരസഭയുടെ 2024-2025, 2025-2026 സാമ്പത്തിക വർഷത്തെ വികസന ഫണ്ട് ഉപയോഗിച്ചാണ് ഈ അങ്കണവാടി കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.
കേരളത്തിലെ സ്കൂളുകൾ മുതൽ അങ്കണവാടികൾ വരെ ഇന്ന് സ്മാർട്ടാണ്. സംസ്ഥാനത്ത് 45,000 ക്ലാസ് മുറികൾ സ്മാർട്ടായി കഴിഞ്ഞു. പഴയ ബ്ലാക്ക് ബോർഡുകൾക്ക് പകരം സ്മാർട്ട് ബോർഡുകൾ, ഫാൻ, ടൈൽ വിരിച്ച ക്ലാസ് മുറികൾ, ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠന രീതികൾ എന്നിവയാണ് ഇന്ന് കുട്ടികൾക്ക് ലഭിക്കുന്നത്.
ഏറ്റവും കൂടുതൽ ക്ലാസ് മുറികൾ സ്മാർട്ടായതും 96 ശതമാനം സ്കൂളുകളിലും ഇൻ്റർനെറ്റ് സൗകര്യവുമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഡിജിറ്റൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളം, ഓഗസ്റ്റിൽ ഇന്ത്യയിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യത്തെ സംസ്ഥാനമായി മാറി. ജില്ലയിലെ അശമന്നൂർ പഞ്ചായത്തിലാണ് 104 വയസ്സുള്ള അബ്ദുല്ല മൗലവി ബാഖവി ഡിജിറ്റൽ സാക്ഷരത നേടിയത്.
എല്ലാ മേഖലയിലും എന്നപോലെ വൃത്തിയുടെ കാര്യത്തിലും നമ്മൾക്ക് സ്മാർട്ടായി മുന്നോട്ട് പോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. "സ്മാർട്ടാവുന്നത് നല്ലതാണ്, പക്ഷേ വൃത്തിയാവുന്നതും അത്യാവശ്യമാണ്," മന്ത്രി കൂട്ടിച്ചേർത്തു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടി തുടരും. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞതിന് ചുമത്തിയ പിഴ 8 കോടി 55 ലക്ഷം രൂപയാണ്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ 9446700800 എന്ന നമ്പറിൽ വീഡിയോയോ ഫോട്ടോയോ അയക്കാം. ഇത്തരത്തിൽ ലഭിച്ച പരാതികളിലൂടെ മാത്രം 61 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. കൂടാതെ, പിഴയായി ലഭിക്കുന്ന തുകയുടെ നാലിലൊന്ന് (25%) വീഡിയോ അയക്കുന്ന വ്യക്തിക്ക് ലഭിക്കും.
തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷയായ ചടങ്ങിൽ വൈസ് ചെയർമാൻ ടി ജി ദിനൂപ്, ഡിവിഷൻ കൗൺസിലർ സൽമ ഷിഹാബ്, സ്ഥിരം സമിതി അധ്യക്ഷരായ വർഗീസ് പ്ലാശ്ശേരി, റസിയ നിഷാദ്, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ എ എ ഇബ്രാഹിം കുട്ടി, ഇ പി കാദർക്കുഞ്ഞ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി എസ് ഷിജു തുടങ്ങിയവർ പങ്കെടുത്തു.