രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എംഎൽഎ സ്ഥാനം തെറിക്കുമോ? അതിവേഗ നടപടികളിലേക്ക് സ്പീക്കര്‍ കടന്നാൽ സ്ഥാനം നഷ്ടമാകും, സാധ്യതകള്‍ ഇങ്ങനെ

Published : Jan 11, 2026, 06:50 PM IST
rahul mamkootathil

Synopsis

എംഎൽഎ സ്ഥാനം സ്വയം ഒഴിയുന്നില്ലെങ്കിൽ നിയമസഭയ്ക്ക് രാഹുലിനെ പുറത്താക്കാൻ അധികാരമുണ്ട്. അംഗങ്ങൾക്കുണ്ടാവേണ്ട പൊതുപെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി, എത്തിക്സ് കമ്മിറ്റി ശുപാർശ നൽകി സഭ അംഗീകരിച്ചാൽ രാഹുൽ പുറത്തായേക്കാം

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതോടെ എംഎൽഎ പദവിയിൽ തുടരുന്നതിൽ ചോദ്യങ്ങൾ ഉയരുകയാണ്. എംഎൽഎ സ്ഥാനം സ്വയം ഒഴിയുന്നില്ലെങ്കിൽ നിയമസഭയ്ക്ക് രാഹുലിനെ പുറത്താക്കാൻ അധികാരമുണ്ട്. അംഗങ്ങൾക്കുണ്ടാവേണ്ട പൊതുപെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി, എത്തിക്സ് കമ്മിറ്റി ശുപാർശ നൽകി സഭ അംഗീകരിച്ചാൽ രാഹുൽ പുറത്തായേക്കാം. സ്പീക്കർ എ എൻ ഷംസീര്‍ അതിന്‍റെ സൂചനയാണ് നൽകുന്നത്. വിവാഹ വാഗ്ദാനം നൽകി ക്രൂരപീഡനം മുതൽ സാമ്പത്തിക ചൂഷണം വരെയുള്ള കുറ്റങ്ങളാണ് രാഹുലിനെതിരെ ഉയര്‍ന്നിട്ടുള്ളത്. തുടർച്ചയായി സമാനസ്വഭാവമുളള കേസുകളിൽ പ്രതിയാവുകയും ഒടുവിൽ അറസ്റ്റിലാവുകയും ചെയ്തത് ഒരു എംഎൽഎ ആയതിനാൽ തന്നെ തുടര്‍നടപടികള്‍ എന്താകുമെന്നാണ് ഇനി കണ്ടറിയേണ്ടത്. നികുതിപ്പണം പറ്റുന്ന നിയമസഭാംഗം ക്രിമിനൽ കേസുകളിൽ തുടർച്ചയായി പ്രതിയായാൽ, അയാൾക്കെതിരെ സഭയ്ക്ക് എന്ത് നടപടിയെടുക്കാൻ കഴിയുമെന്നതടക്കം പരിശോധിക്കേണ്ടതുണ്ട്.

സ്വയം രാജിവെച്ച് രാഹുൽ ഒഴിഞ്ഞില്ലെങ്കിൽ നിയമസഭയ്ക്ക് പുറത്താക്കാനുള്ള അധികാരമുണ്ട്. എംഎൽഎമാർക്ക് ഉണ്ടായിരിക്കേണ്ട പെരുമാറ്റച്ചട്ടം എന്തെന്ന് കേരള നിയമസഭയുടെ നടപടിക്രമം സംബന്ധിച്ച ചട്ടങ്ങൾ വ്യക്തമാക്കുന്നുണ്ട്.അനുബന്ധം രണ്ടിൽ പേജ് 144 മുതലാണ് സഭയ്ക്ക് അകത്തും പുറത്തുമുളള പെരുമാറ്റച്ചട്ടവും സദാചാര തത്വങ്ങളും എന്തൊക്കെയാണെന്ന് പറയുന്നത്. അംഗങ്ങൾ പൊതുജീവിതത്തിൽ ഉയർന്ന നിലവാരത്തിലുളള സാന്മാർഗികതയും അന്തസ്സും മര്യാദയും മൂല്യങ്ങളും നിലനിർത്തണമെന്നാണ് ചട്ടം. പദവി ജനങ്ങളുടെ പൊതുനന്മ വളർത്തുന്നതിന് ഉപയോഗിക്കണമെന്നുമുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്യത്തിൽ ഈ സദാചാര തത്വലംഘനം പരാതിയായി സ്പീക്കർക്ക് മുന്നിൽ വരാം. അംഗങ്ങൾക്കോ  പൊതുജനങ്ങൾക്കോ പരാതിയും നൽകാം. പരാതി നൽകിയാൽ സ്പീക്കർക്ക് പരാതിയുടെ വസ്തുത പരിശോധിച്ച് എത്തിക്സ് ആന്‍റ് പ്രിവിലേജസ് കമ്മിറ്റിക്ക് വിടാം. അതല്ലെങ്കിൽ സഭയുടെ അനുമതിയോടെ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാം.ഈ കമ്മിറ്റിയുടെ റിപ്പോർട്ട് സ്പീക്കറുടെ അംഗീകാരത്തോടെ സഭയിൽ വെക്കണം. അത് പാസായാൽ അംഗത്തിനെതിരെ കമ്മിറ്റി ശുപാർശ ചെയ്ത നടപടിയെടുക്കാം. ഗവർണറുടെ അംഗീകാരം വാങ്ങാം. സഭയിൽ നിന്ന് നീക്കാനാണ് ശുപാർശയെങ്കിൽ അത്  നടപ്പാക്കാം. ഇതോടെ വ്യക്തിയുടെ എംഎൽഎ സ്ഥാനം നഷ്ടമാകും. നിലവിലെ സഭയുടെ കാലയളവ് വരെയാകും സാധുത. അതേസമയം, മത്സരിക്കുന്നതിന് അയോഗ്യതയുണ്ടാകില്ല.

സഭയ്ക്ക് ഒരംഗത്തെ പുറത്താക്കാൻ അധികാരമുണ്ടോ എന്നത് പലപ്പോഴും തർക്കവിഷയമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നീക്കങ്ങള്‍ പലപ്പോഴും കോടതി കയറിയിട്ടുണ്ട്. നിലവിലെ സഭയ്ക്ക് ഈ മാസം ഇരുപതിന് തുടങ്ങുന്ന ഒരു സമ്മേളന കാലയളവാണ് ശേഷിക്കുന്നത്. രാഹുലിനെതിരെ നടപടിയെടുക്കണമെങ്കിൽ പരാതിയെത്തി, റിപ്പോർട്ട് തയ്യാറാക്കി, ഈ സമയം പാസാക്കണം. പാർട്ടിയിൽ ബ്രഹ്മാസ്ത്രം പ്രയോഗിച്ച കോൺഗ്രസ് പ്രമേയം വന്നാൽ പിന്തുണയ്ക്കാൻ തന്നെ സാധ്യത. അതിവേഗ നടപടിയിലേക്ക് സ്പീക്കർ കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്.


നിയമോപദേശം തേടുമെന്ന് സ്പീക്കര്‍
 

 അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്നാണ് സ്പീക്കർ എ.എൻ ഷംസീർ വ്യക്തമാക്കിയത്. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശമെന്നും വിഷയം എത്തിക്സ് ആന്റ് പ്രിവില്ജസ് കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ടെന്ന് ലോക്സഭ സെക്രട്ടറി ജനറലായിരുന്ന പിഡിടി ആചാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മറ്റി നടത്തുന്ന അന്വേഷണത്തിൽ സഭയ്ക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചുവെന്ന് കണ്ടാൽ പുറത്താക്കാൻ ശുപാർശ നൽകാമെന്നും പിഡിടി ആചാരി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഹോട്ടൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരി, ബന്ധം ഉഭയസമ്മതപ്രകാരം'; ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്ന് ജാമ്യ ഹര്‍ജിയിൽ രാഹുൽ
വടകരയിൽ ആർക്കാണ് ഫ്ലാറ്റുള്ളത്? രാഹുലിനെതിരെയുള്ള പരാതിയിൽ ഒളിയമ്പുമായി ഡിവൈഎഫ്ഐ