'പൂതന പരാമർശം അരൂരിൽ വോട്ട് കുറച്ചു': സിപിഎം ആലപ്പുഴ ജില്ലാനേതൃയോഗത്തിലും ജി സുധാകരന് വിമർശനം

By Web TeamFirst Published Nov 5, 2019, 10:02 PM IST
Highlights

അരൂരിലെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ ജി സുധാകരന് വിമർശനം. സംസ്ഥാന നേതാക്കളും മന്ത്രിമാരും ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും സംഘടനാ ദൗർബല്യം തിരിച്ചടിയായെന്നും വിലയിരുത്തൽ.

ആലപ്പുഴ: അരൂരിലെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന സെക്രട്ടറിയേറ്റിന് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാനേതൃയോഗത്തിലും മന്ത്രി ജി സുധാകരന് വിമർശനം. ഷാനിമോൾ ഉസ്മാനെതിരായ പൂതനാ പരാമർശം വോട്ടുകൾ കുറച്ചെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. സംസ്ഥാന നേതാക്കളും മന്ത്രിമാരും ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും സംഘടനാദൗർബല്യം തിരിച്ചടിയായി എന്നും യോഗത്തിൽ വിമർശനം ഉണ്ടായി. അതേസമയം, തോൽവിയെ കുറിച്ച് പഠിക്കാൻ അന്വേഷണ കമ്മീഷനെ വേണമോയെന്നത് സംസ്ഥാന നേതൃത്വം തീരുമാനിക്കും.

അരൂരിൽ പ്രചാരണം രണ്ടാംഘട്ടത്തിൽ എത്തിയപ്പോഴാണ് മന്ത്രിയുടെ പൂതനാ പരാമർശം ഉണ്ടായത്. ഇത് യുഡിഎഫിന് വീണു കിട്ടിയ ആയുധമായെന്ന് ആണ് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്ന വിമർശനം. എന്നാൽ കുട്ടനാട്ടിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗത്തിന്‍റ വിമർശനം യോഗത്തിൽ ജി സുധാകരൻ തള്ളി.

Read More: അരൂരിലെ തോൽവി: തനിക്കെതിരെയുള്ള വിമര്‍ശനം തള്ളി ജി.സുധാകരന്‍

പൂതനാ പരാമർശം വോട്ടുകൾ ചോർത്തിയിട്ടില്ലെന്നും താഴെത്തട്ടിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ വന്ന വീഴ്ചയാണ് പരിശോധിക്കേണ്ടതെന്നും സുധാകരൻ പറഞ്ഞു. ബിജെപി വോട്ടുകൾ യുഡിഫിലേക്ക് പോയെന്നും മന്ത്രി പറഞ്ഞു.

വിവിധ പ‍ഞ്ചായത്തുകളിൽ സംസ്ഥാന നേതാക്കൾക്ക് ചുമതല നൽകിയിരുന്നു. എന്നാൽ താഴെത്തട്ടിൽ നേതാക്കൾക്ക് ഇടയിലെ അനൈക്യം പരിഹരിച്ച് പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് നേതൃയോഗങ്ങൾ വിലയിരുത്തി. മന്ത്രിമാർ അടക്കം പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നു എന്ന റിപ്പോർട്ടാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നൽകിയത്.

എന്നാൽ പോരായ്മകൾ കണ്ടെത്തുന്നതിൽ ജില്ലാ നേതൃത്വത്തിന് ജാഗ്രതക്കുറവ് ഉണ്ടായെന്ന് യോഗങ്ങളിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണനും പറഞ്ഞു.

സ്ഥാനാർഥി നിർണയത്തിൽ എസ്എൻഡിപി നേതൃത്വത്തിന്‍റെ താൽപര്യം അവഗണിച്ചതും വോട്ടുകൾ കുറച്ചു. മണ്ഡലത്തിലെ എംപിയായിരുന്ന എ എം ആരിഫിന്‍റെ വികസന പ്രവർത്തനങ്ങൾ ചർച്ചയാക്കുന്നതിൽ കീഴ്ഘടകങ്ങൾ പരാജയപ്പെട്ടു. പാർട്ടി പ്രഖ്യാപനം വരും മുൻപ് ചിലർ സ്വയം സ്ഥാനാ‍ർഥികളായി മണ്ഡലത്തിൽ ഇറങ്ങിയെങ്കിലും പ്രഖ്യാപനം വന്ന ശേഷം അവർ കാര്യമായി പ്രവർത്തിച്ചില്ലെന്നും ആണ് യോഗത്തിൽ ഉയർന്ന മറ്റ് പ്രധാന വിമർശനങ്ങൾ.

click me!