
നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ ആദ്യം കേട്ട വിമത ശബ്ദങ്ങളില്‍ ഒന്ന് ജി സുധാകരന്റേതായിരുന്നു. സിപിഎമ്മിലെ തലമുതിർന്ന നേതാവും അമ്പലപ്പുഴയിലെ പാർട്ടി നേതൃത്വവും തമ്മിലുള്ള തർക്കം ഏറെ നാളായി നിലനിൽക്കുന്നുണ്ട്. എംവി ഗോവിന്ദന്‍ തന്നെ പരിഹസിച്ചുവെന്ന് ആരോപണവുമായി ജി സുധാകരന് രംഗത്തെത്തിയതോടെയാണ് രംഗം വഷളായത്. ഇനി മുതല്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നില്ലെന്നും സിപിഎം അനുഭാവിയായി തുടരുമെന്നും പ്രഖ്യാപിച്ച ജി സുധാകരന്‍ പിന്നീട് കളം മാറ്റി ചവിട്ടുന്ന കാഴ്ചയാണ് കണ്ടത്.
യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി ജനവിധി തേടിയ സുധാകരൻ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തി കുറിച്ചിരിക്കുകയാണ്. സിറ്റിങ് എംഎൽഎ എച്ച് സലാമിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു സുധാകരന്റെ കുതിപ്പ്. 19,000-ത്തിന് മുകളിൽ വോട്ടുകൾക്ക് ജയിക്കുമെന്നായിരുന്നു സുധാകരന്റെ പ്രവചനം. അതിനെയും മറികടന്ന് 27935 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. 75184 വേട്ടുകളാണ് ജി സുധാകരന് ആകെ ലഭിച്ചത്. സിപിഎമ്മിൻ്റെ സിറ്റിങ് എംഎൽഎ എച്ച് സലാമിന് 47249 വോട്ടുകളാണ് ലഭിച്ചത്. 2021-ൽ 11,125 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു എൽഡിഎഫിന്. ഇതിൻ്റെ ഇരട്ടി ഭൂരിപക്ഷമാണ് സുധാകരൻ നേടിയിരിക്കുന്നത്.
2006 മുതൽ തുടർച്ചയായി ഇടതിനൊപ്പമായിരുന്നു അമ്പലപ്പുഴ മണ്ഡലം. നീണ്ട 20 വർഷത്തിനുശേഷമാണ് സിപിഎമ്മിന് പരാജയം സമ്മതിക്കേണ്ടി വരുന്നത്. 2006, 2011, 2016 വർഷങ്ങളിൽ ജി സുധാകരനും 2021-ൽ എച്ച് സലാമും ആയിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ജി സുധാകരൻ്റെ 63 വർഷത്തെ രാഷ്ട്രീയ പാരമ്പര്യം വോട്ടർമാർ അംഗീകരിക്കുന്നു എന്നുവേണം ഈ വിജയത്തിലൂടെ വിലയിരുത്താൻ.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ വള്ളികുന്നം സ്കൂളിൽ നിന്ന് തുടങ്ങിയതാണ് ജി സുധാകരൻ്റെ രാഷ്ട്രീയ ജീവിതം. സഹോദരൻ ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വം സുധാകരന്റെ രാഷ്ട്രീയത്തെ കൂടുതൽ കരുത്തുറ്റതാക്കുകയായിരുന്നു. 1975-ൽ അടിയന്തരാവസ്ഥയ്ക്കെതിരെ സമരം ചെയ്തതിന് ജയിൽവാസമനുഭവിച്ച നേതാവാണ് അദ്ദേഹം. ജയിലിലായ സുധാകരൻ്റെ വിഷയം എകെജി പാർലമെൻ്റിൽ ഉന്നയിച്ച സംഭവവും ഉണ്ടായിരുന്നു. അതുമാത്രവുമല്ല ഇഎംഎസ് അദ്ദേഹത്തെ ജയിലിലെത്തി സന്ദർശിച്ചിട്ടുമുണ്ട്. അഴിമതി തൊട്ടുതീണ്ടാത്ത മന്ത്രിയെന്ന വിശേഷണം ജി സുധാകരനുണ്ട്. അതുമാത്രമല്ല എതിരാളികൾക്കിടയിൽ പോലുമുള്ള ബഹുമാനവും ഇത്തവണ മണ്ഡലത്തില് വിജയം കൈവരിക്കാൻ അദ്ദേഹത്തിന് സഹായകമായിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളിൽനിന്നും തനിക്ക് കടുത്ത അവഗണന നേരിടേണ്ടിവന്നുവെന്ന് ആരോപിച്ചാണ് ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്. ആലപ്പുഴ ജില്ലയിൽ പാർട്ടി നേതൃത്വം തന്നെ ബോധപൂർവം ഒതുക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. ഈ അവഗണനയ്ക്കുള്ള മറുപടിയാണ് അമ്പലപ്പുഴയിൽ കണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam