സിംസ്: സര്‍ക്കാര്‍ വാദം പൊളിയുന്നു; സാങ്കേതിക പങ്കാളിത്തം ഉണ്ടെന്ന് സ്വകാര്യ കമ്പനി

By Web TeamFirst Published Feb 13, 2020, 11:25 AM IST
Highlights

കെല്‍ട്രോണ്‍ ഇ ടെന്‍ഡര്‍ ഡിക്ലെയര്‍ ചെയ്താണ് തങ്ങള്‍ സിംസ് പദ്ധതിയുടെ ഭാഗമായത്. കൂടുതല്‍ വിശദീകരണം നല്‍കേണ്ടത് കെല്‍ട്രോണ്‍ ആണെന്നും തങ്ങളല്ലെന്നും ഗാലക്സണ്‍ ഇന്‍റര്‍നാഷണല്‍. 

തിരുവനന്തപുരം: സിംസ് പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ഗാലക്സണ്‍ ഇന്‍റര്‍നാഷണല്‍ പ്രതിനിധി ബെര്‍ണാഡ് രാജന്‍ പറഞ്ഞു. കെല്‍ട്രോണ്‍ ഇ ടെന്‍ഡര്‍ ഡിക്ലെയര്‍ ചെയ്താണ് തങ്ങള്‍ സിംസ് പദ്ധതിയുടെ ഭാഗമായത്. കൂടുതല്‍ വിശദീകരണം നല്‍കേണ്ടത് കെല്‍ട്രോണ്‍ ആണെന്നും തങ്ങളല്ലെന്നും ബെര്‍ണാഡ് രാജന്‍ പ്രതികരിച്ചു.

സിംസ് പ്രോജക്ടിന്‍റെ ടെക്നോളജി പാര്‍ട്ണറാണ് ഗാലക്സണ്‍ ഇന്‍റര്‍നാഷണല്‍. പദ്ധതിയുടെ പ്രധാന പങ്കാളി കെല്‍ട്രോണ്‍ ആണ്. അവര്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുക മാത്രമാണ് തങ്ങളുടെ ജോലി. ദുബായ് ആസ്ഥാനമായ കമ്പനിയാണ് ഗാലക്സണ്‍ ഇന്‍റര്‍നാഷണല്‍. ഇന്ത്യയിലിത് ആദ്യമായാണ് കമ്പനി ഒരു കരാര്‍ ഏറ്റെടുക്കുന്നത്. ഷാര്‍ജ പൊലീസിനും ദുബായ് പൊലീസിനുമെല്ലാം തങ്ങള്‍ ജോലി ചെയ്ത് നല്‍കാറുണ്ട്. 

കേരള ഡിജിപിയുമായി ഒരു ചര്‍ച്ചയും തങ്ങള്‍ നടത്തിയിട്ടില്ല. ഇവിടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പൊലീസുകാരെ അസിസ്റ്റ് ചെയ്യാന്‍ കമ്പനിയുടെ എഞ്ചിനീയര്‍മാരുണ്ട്. കണ്‍ട്രോള്‍ റൂമില്‍ ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങള്‍ തങ്ങളുടേതാണ്.  കേരളാ പൊലീസാണ് മേല്‍നോട്ടം വഹിക്കുന്നത്. തങ്ങള്‍ ഉപകരാര്‍ എടുക്കുകയായിരുന്നില്ല. കെല്‍ട്രോണില്‍ നിന്ന് നേരിട്ട് കരാര്‍ ഏറ്റെടുക്കുകയായിരുന്നു എന്നും ബെര്‍ണാഡ് രാജന്‍ പറഞ്ഞു. 

സംസ്ഥാനത്ത് സ്വകാര്യ കണ്‍ട്രോള്‍ റൂം വഴി സ്ഥാപനങ്ങള്‍ക്ക് മേല്‍ മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള സിംസ് പദ്ധതിയില്‍ തിരിമറി നടന്നിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പൊലീസ് ആസ്ഥാനത്ത് കെല്‍ട്രോണിന് പ്രത്യേകം സ്ഥലം അനുവദിച്ച് സ്വകാര്യ കണ്‍ട്രോള്‍ റൂം തുറക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇവിടെ കെല്‍ട്രോണിലെ ജീവനക്കാരെ നിയമിക്കണമെന്നും തീരുമാനിച്ചു. എന്നാല്‍, ഇതനുസരിച്ച് തയ്യാറാക്കിയ കരാര്‍വ്യവസ്ഥകള്‍ കെല്‍ട്രോണ്‍ ലംഘിച്ചു.  സ്വന്തം ജീവനക്കാരെ നിയമിക്കാതെ കെല്‍ട്രോണ്‍ പദ്ധതി നടത്തിപ്പ് ഗാലക്സണ്‍ ഇന്‍റര്‍നാഷണലിന് കൈമാറി എന്നാണ് റിപ്പോര്‍ട്ടുകള്‍.  എന്നാല്‍, സിംസ് പദ്ധതി നടത്തിപ്പ് കെല്‍ട്രോണിനു തന്നെയാണെന്നും ആരോപണങ്ങളൊക്കെ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. 

Read Also: സിംസ് പദ്ധതി: സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി പൊലീസ്, സ്വകാര്യ കൺട്രോൾ റൂം നടത്തിപ്പ് സംശയത്തിന്റെ നിഴലില്‍

click me!