
തൃശ്ശൂർ: മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നടത്താനുളള ഫെഡറേഷൻ ഓഫ് കേരള ബാർ ഹോട്ടൽസ് ഇടുക്കി ജില്ലാ പ്രസിഡന്റിന്റെ പുറത്ത് വന്നതിന് പിന്നാലെ വിവാദം കൊഴുക്കുന്നു. അനുകൂല മദ്യനയത്തിലെ ഇളവിന് പകരം കോഴയെന്ന നിലയിൽ പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുന്നതിനിടെ ആരോപണങ്ങളെ പൂർണമായും തളളി മന്ത്രി ഗണേഷ് കുമാർ രംഗത്തെത്തി.
ഇടതുമുന്നണിയിലാരും കോഴ ആവശ്യമുള്ളവരല്ലെന്നും ഇവിടെയാരും കാശു വാങ്ങില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. ഇടത് മുന്നണിയുടെ മദ്യനയം നടപ്പാക്കാൻ കോഴ നൽകേണ്ടതില്ല. അതിനാരും പിരിക്കേണ്ട. ഐ ടി പാർക്കുകളിൽ മദ്യശാലകൾ തുടങ്ങുന്നത് ഇടതുമുന്നണിയുടെ മദ്യനയത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി തന്നെ അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പാക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കമെന്ന വിവരമാണ് പുറത്ത് വന്നത്. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു.ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോൻ ആവശ്യപ്പെടുന്നത്.സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.
ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്.
''പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണമെന്നായിരുന്നു ശബ്ദരേഖ''.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam