Latest Videos

എംഎൽഎ ഓഫീസിൽ നിന്നും തെളിവ് കിട്ടിയില്ല; റെയ്ഡിൽ ഗണേശിന് അതൃപ്തി

By Web TeamFirst Published Dec 2, 2020, 7:02 AM IST
Highlights

തൻ്റെ ഓഫിസിൽ പൊലീസ് റെയ്ഡ് നടത്തിയതിൽ കടുത്ത അതൃപ്തിയിലാണ് ഗണേഷ്. കേരള കോൺഗ്രസ് ബി നേതൃത്വത്തിനും പൊലീസ് നടപടിയിൽ അതൃപ്തിയുണ്ട്. 

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പത്തനാപുരം എം എൽ എ കെ.ബി.ഗണേഷ് കുമാറിൻ്റെ ഓഫിസിൽ നടത്തിയ പരിശോധനയിലും കാര്യമായ തെളിവുകൾ കണ്ടെത്താനാകാതെ പൊലീസ്. കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ എം എൽ എ യുടെ പിഎ ഉപയോഗിച്ച ഫോണും സിം കാർഡും കണ്ടെത്തുകയായിരുന്നു ലക്ഷ്യമെങ്കിലും ഇതുമായി ബന്ധപ്പെട്ട സൂചനകളൊന്നും പൊലീസിന് കിട്ടിയില്ല. 

അതേ സമയം തൻ്റെ ഓഫിസിൽ പൊലീസ് റെയ്ഡ് നടത്തിയതിൽ കടുത്ത അതൃപ്തിയിലാണ് ഗണേഷ്. കേരള കോൺഗ്രസ് ബി നേതൃത്വത്തിനും പൊലീസ് നടപടിയിൽ അതൃപ്തിയുണ്ട്. ഇടതു മുന്നണി നേതൃത്വത്തെ പാർട്ടി അതൃപ്തി അറിയിക്കുമെന്നാണ് സൂചന. സി പി എം നേതൃത്വത്തിൻ്റെ അനുമതിയോടെയാണ് പൊലീസ് എം എൽ എ യുടെ ഓഫിസിൽ പരിശോധന നടത്തിയതെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്ന അനുമാനത്തിലുമാണ് പാർട്ടി. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തല്‍ക്കാലം പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലാണ് ഗണേഷും പാര്‍ട്ടിയും.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ കാസര്‍കോട്ടെത്തി ഭീഷണിപ്പെടുത്തിയതിന്‍റെ പേരില്‍ അറസ്റ്റിലായ എംഎല്‍എയുടെ  പിഎ പ്രദീപിന്‍റെ  കൊട്ടാരക്കര കോട്ടാത്തലയിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി. പ്രദീപിന് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് എംഎല്‍എയുടെ ഓഫിസും വീടും റെയ്ഡ് ചെയ്യാന്‍ പത്തനാപുരം പൊലീസിനോട് ബേക്കല്‍ പൊലീസ് ആവശ്യപ്പെട്ടത്. കര്‍ശന ഉപാധികളോടെയാണ് കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതി പ്രദീപിന് ഇന്നലെ ജാമ്യം അനുവദിച്ചത്.

click me!