റെഗുലേറ്റർ കണക്ട് ചെയ്യുന്നതിനിടെ ഗ്യാസ് ചോർന്നു; അപകടത്തില്‍ മകന്‍ നഷ്ടമായ അമ്മയ്ക്ക് 12.4 ലക്ഷം നഷ്ടപരിഹാരം

Published : May 20, 2025, 07:39 PM IST
റെഗുലേറ്റർ കണക്ട് ചെയ്യുന്നതിനിടെ ഗ്യാസ് ചോർന്നു; അപകടത്തില്‍ മകന്‍ നഷ്ടമായ അമ്മയ്ക്ക് 12.4 ലക്ഷം നഷ്ടപരിഹാരം

Synopsis

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഒന്നാം എതിര്‍കക്ഷിയായും ഭാരത് പെട്രോളിയം കമ്പനിയുടെ തിരുവനനന്തപുരത്തെ ടെറിട്ടറി മാനേജര്‍ രണ്ടാം എതിര്‍ കക്ഷിയായുമായിരുന്നു കേസ്

കോട്ടയം: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. നടപടിക്രമങ്ങളുടെ ചെലവായി പതിനായിരം രൂപയും നല്‍കണം. പാലാ രാമപുരം സ്വദേശിനി കുസുമം എബി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി. 2020 നവംബര്‍ 18-നാണ് കേസിനാസ്പദമായ സംഭവം.

ഗ്യാസ് സിലണ്ടര്‍ റെഗുലേറ്ററില്‍ കണക്ട് ചെയ്യാന്‍ ശ്രമിക്കവേ ഗ്യാസ് ചോരുകയായിരുന്നു. ഉടന്‍ തന്നെ കുസുമം മകനായ സെബിന്‍ അബ്രഹാമിനെ വിളിച്ച് ഗ്യാസ് ചോര്‍ച്ച നിര്‍ത്താൻ ശ്രമിച്ചു. അതിവേഗം തീ ആളിപ്പടര്‍ന്നു. ഇരുവര്‍ക്കും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ സിബിന്‍ അബ്രഹാം മരണത്തിന് കീഴടങ്ങി. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ക്ലര്‍ക്കായിരുന്നു 30 വയസുകാരനായ സെബിന്‍. കുസുമത്തിന് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഒന്നാം എതിര്‍കക്ഷിയായും ഭാരത് പെട്രോളിയം കമ്പനിയുടെ തിരുവനനന്തപുരത്തെ ടെറിട്ടറി മാനേജര്‍ രണ്ടാം എതിര്‍ കക്ഷിയായുമായിരുന്നു കേസ്. തലയോലപറമ്പിലുള്ള മരിയ ബോട്ടിലിംഗ് പ്ലാന്റാണ് മൂന്നാം എതിര്‍ കക്ഷി. മരിയ ബോട്ടിലിംഗ് പ്ലാന്റിന്റെ ജനറല്‍ മാനേജര്‍, സുരക്ഷാ മാനേജര്‍, പ്ലാന്റ് ഓപ്പറേറ്റര്‍ കം സൂപ്പര്‍വൈസര്‍ എന്നിവരാണ്  നാലും അഞ്ചും ആറും എതിര്‍കക്ഷികള്‍. മീനച്ചില്‍ താലൂക്കിലെ വിനായകര്‍ ഗ്യാസ് ഏജന്‍സിയും വിനായകര്‍ ഗ്യാസ് ഏജന്‍സിയുടെ മാനേജരുമാണ് ഏഴും എട്ടും എതിര്‍കക്ഷികള്‍. ഇവരുടെ അശ്രദ്ധമൂലമുണ്ടായ ശാരീരികവും  മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ക്ക് എതിര്‍കക്ഷികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണം എന്ന്  ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാരി കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

ഫോറന്‍സിക് വിദ്ധര്‍ നടത്തിയ പരിശോധനയില്‍ ഗ്യാസ് സിലിണ്ടറിന്റെ തകരാര്‍ മൂലമാണ് ഗ്യാസ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തതിന് കാരണം  ഷോര്‍ട്ട്  സര്‍ക്യൂട്ടല്ലെന്ന് ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. സെല്‍ഫ് ക്ലോസിംഗ് (എസ്സി) വാല്‍വിലെ  റിങ് നഷ്ടപ്പെട്ടതായും വലിയ തോതില്‍ വാല്‍വ് ചോര്‍ച്ച സംഭവിച്ചതായും രാമപുരം പൊലീസ് കണ്ടെത്തി. എല്‍പിജി സിലിണ്ടര്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാലും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാലുമാണ് അപകടമുണ്ടായതെന്ന എതിര്‍ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല.

എതിര്‍ കക്ഷികള്‍ സിലിണ്ടര്‍ തകരാറുകളില്ലാത്തതാണെന്ന്  തെളിയിച്ചിട്ടില്ലെന്നും സേഫ്റ്റി വാല്‍വ് നീക്കം ചെയ്ത സമയത്ത് മാത്രമാണ് സംഭവിച്ചതെന്നും  കമ്മീഷന്‍ കണ്ടെത്തി. ഗ്യാസ് സിലിണ്ടര്‍ എത്തിക്കുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകള്‍ നടത്തുന്നതില്‍ എതിര്‍ കക്ഷികളുടെ  ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമായതെന്നും  ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് എതിര്‍കക്ഷികളുടെ ബാധ്യതയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം പരാതിക്കാരിക്ക് 53 ശതമാനം സ്ഥിരമായ വൈകല്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ മുഖത്തും പൊള്ളലേറ്റു. 16 ശതമാനം പ്ലാസ്റ്റിക് സര്‍ജറി വൈകല്യം മുഖത്തെ രൂപഭേദത്തിന്റെ വ്യാപ്തി തെളിയിക്കുന്നതായും അത് മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന  അവസ്ഥയാണെന്നും അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റായും അഡ്വ. ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എതിര്‍കക്ഷികളുടെ അശ്രദ്ധയും ജാഗ്രതക്കുറവും കാരണം പരാതിക്കാരിക്കു മാരകമായി പൊള്ളലേറ്റതും കുടുംബത്തിന്റെ ഏകആശ്രയമായ മകന്‍ നഷ്ടപ്പെടതും ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ വിധി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ