സമാനതകളില്ലാത്ത പ്രതിരോധം; മുഖ്യമന്ത്രിയെയും ആരോഗ്യപ്രവർത്തകരെയും അഭിനന്ദിച്ച് കർദ്ദിനാൾ ആലഞ്ചേരി

By Web TeamFirst Published Apr 12, 2020, 8:45 AM IST
Highlights

'കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം ഒന്നാമതാണ്. മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നു'

കൊച്ചി: ഈസ്റ്റർ ദിനത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ അഭിനന്ദിച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കേരളത്തിന്റേത് സമാനതകളില്ലാത്ത പ്രതിരോധം. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം ഒന്നാമതാണ്. മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നു. നമ്മൾ രോഗത്തെ അതിജീവിക്കുമെന്ന പ്രതീക്ഷ നൽകുന്നതാണ് ഈസ്റ്റർ. കൊവിഡിനെ അതിജീവിച്ചു പുനർജീവനം സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സ്മരണകളുയർത്തി ഈസ്റ്റ‌ർ ആഘോഷിക്കുകയാണ്. ഈസ്റ്ററിന്‍റെ വരവറിയിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളുണ്ടായെങ്കിലും കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിശ്വാസികളെ ഉള്‍പ്പെടുത്താതെയായിരുന്നു ശുശ്രൂഷകള്‍. എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന സിറോ മലബാർ സഭ ഉയിര്‍പ്പ് ഞായര്‍ വിശുദ്ധ കുര്‍ബാനയിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മ്മികനായി. അതേ സമയം കൊവിഡ് മഹാമാരി പടർത്തുന്ന ഇരുട്ടിൽ ഈസ്റ്റർ പ്രത്യാശയുടെ സന്ദേശം നൽകുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റര്‍ ദിനസന്ദേശത്തിൽ പറഞ്ഞു. 

click me!