ലിസയുടെ തിരോധാനത്തില്‍ തുമ്പ് കിട്ടാതെ പൊലീസ്; മതപഠനശാലകളിലും ആത്മീയ കേന്ദ്രങ്ങളിലും പരിശോധന

By Web TeamFirst Published Jul 3, 2019, 10:59 AM IST
Highlights

തിരുവനന്തപുരത്തെത്തിയ ലിസ എവിടെയാണ് താമസിച്ചതെന്ന് ഇപ്പോഴും അറിവായിട്ടില്ല. വിമാനത്താവളത്തിലേക്ക് കൊണ്ട് പോയ ടാക്സി ഡ്രൈവറേയും കണ്ടെത്താനായിട്ടില്ല

തിരുവനന്തപുരം: ജര്‍മ്മന്‍ യുവതി ലിസ വെയില്‍സിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് രാജ്യത്തെ എല്ലാ പൊലീസ് മേധാവിമാർക്കും സിറ്റി പൊലീസ് കമ്മീഷണർ ദിനേന്ദ്ര കശ്യപ് കത്തയച്ചു. മതപഠനശാലകളിലും ആത്മീയ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. ലിസയുടെ ഫോട്ടോ തിരിച്ചറിയാൻ ടാക്സി ഡ്രൈവർമാർക്ക് കഴിഞ്ഞിരുന്നില്ല. അതിനാൽ,  ലിസയെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുപോയ ടാക്സി ഡ്രൈവറെയും കണ്ടത്താൻ കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരത്തെത്തിയ ലിസ എവിടെയാണ് താമസിച്ചതെന്ന് ഇപ്പോഴും അറിവായിട്ടില്ല. അമൃത ആശ്രമത്തിലേക്ക് ലിസ പോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇന്നലെ ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിരുന്നു. ലിസ ഇന്ത്യ വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.

മാര്‍ച്ച് ഏഴിന് ആണ് ലിസ യുകെ പൗരനായ സുഹൃത്തിനൊപ്പം തിരുവനന്തപുരത്തെത്തിയത് എന്നാണ് വിവരം. മാര്‍ച്ച് 10ന് ലിസ അമ്മയ്ക്ക് സന്ദേശം അയച്ചു. മതപരിവര്‍ത്തനം നടത്തുന്നത് സംബന്ധിച്ചായിരുന്നു സന്ദേശം. ഇതേക്കുറിച്ച് കൂടുതലറിയാന്‍ ലിസയുടെ അമ്മയുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്താനാണ് പൊലീസിന്‍റെ തീരുമാനം.

ജര്‍മ്മന്‍ കോണ്‍സുലേറ്റിന്‍റെ സഹായത്തോടെ അത് സാധ്യമാവുമെന്നാണ് പ്രതീക്ഷ. ലിസയ്ക്കൊപ്പമെത്തി എന്ന് പറയപ്പെടുന്ന സുഹൃത്ത് മാര്‍ച്ച് 10ന് തിരികെ പോയി എന്ന് മാത്രമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാളെക്കുറിച്ച് കൂടുതല്‍ അറിയേണ്ടത് കേസ് അന്വേഷണത്തിന് അത്യാവശ്യമാണ്. ഇതിനാണ് ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിരിക്കുന്നത്.

അമൃത ആശ്രമം സന്ദര്‍ശിക്കാനാണ് കേരളത്തിലെത്തിയതെന്ന് ലിസ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍, ലിസ അമൃത ആശ്രമത്തിലേക്ക് എത്തിയിട്ടില്ലെന്ന് ആശ്രമം അധികൃതര്‍ പ്രതികരിച്ചിരുന്നു. ഇക്കാര്യം പൊലീസും സ്ഥിരീകരിക്കുന്നതായാണ് വിവരം.  2009 ലും ലിസ അമൃത ആശ്രമത്തിൽ എത്തിയിരുന്നു.

ടൂറിസം കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും  കേരള പൊലീസ് രണ്ട് ദിവസം മുമ്പ് വിവരം കൈമാറിയിരുന്നു. ഇതനുസരിച്ച് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ലിസ രാജ്യം വിട്ടുപോയിട്ടില്ലെന്ന് പൊലീസ് പറയുന്നത്. 

click me!