മൂവാറ്റുപുഴയിൽ ഇരുപതുകാരിയെ മർദ്ദിച്ച മണ്ണെടുപ്പ് സംഘത്തെ പിടികൂടിയില്ല, പൊലീസ് ഒത്തുകളിയെന്ന് ആരോപണം

Published : Jun 18, 2022, 03:09 PM IST
മൂവാറ്റുപുഴയിൽ ഇരുപതുകാരിയെ മർദ്ദിച്ച മണ്ണെടുപ്പ് സംഘത്തെ പിടികൂടിയില്ല, പൊലീസ് ഒത്തുകളിയെന്ന് ആരോപണം

Synopsis

. മണ്ണ് മാഫിയയെ സംരക്ഷിക്കുന്നത് സിപിഎമ്മെന്ന് കോണ്‍ഗ്രസും ബിജെപിയും, പ്രതികൾ ഒളിവിലെന്ന് പൊലീസ്

മൂവാറ്റുപുഴ: മാറാടിയില്‍ അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ മർദ്ദിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റു ചെയ്യാത്തതിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു. മണ്ണുമാഫിയയെ സംരക്ഷിക്കുന്നത് സിപിഎം ആണെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആരോപണം. അതേസമയം പ്രതികള്‍ ഒളിവിലാണെന്ന്  മൂവാറ്റുപുഴ പൊലീസ് വിശദീകരിച്ചു.


അപകടകരമായ രീതിയിൽ മണ്ണ് ഖനനം ചെയ്യുന്നത് ചോദ്യം ചെയ്ത ഇരുപത് വയസുകാരിയെ മർദ്ദിച്ച സംഭവത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്. കേസെടുത്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ അറസ്റ്റു ചെയ്യാത്തത് സിപിഎം സമ്മർദ്ദം കൊണ്ടാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മര്‍ദ്ദനമേറ്റത് ദളിത് പെണ്‍കുട്ടിക്കായതിനാല്‍ പ്രത്യേകം അന്വേഷിക്കണമെന്നാവശ്യപെട്ട് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗവകുപ്പ് മന്ത്രിയെ സമീപിച്ചു. ഇക്കാര്യത്തിൽ പരിഹാരമുണ്ടായില്ലെങ്കില്‍ നിയമസഭയില്‍ വിഷയം അവതരിപ്പിക്കനാണ് മാത്യു കുഴല്‍നാടന്‍റെ തീരുമാനം.

സിപിഎം പ്രാദേശിക നേതാവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണെടുപ്പിന് പിന്നിലെന്ന് ബിജെപിയും ആരോപിച്ചു. പ്രതികളെ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റു ചെയ്തില്ലെങ്കില്‍ ഡിവൈഎസ്‍പി ഓഫീസ് ഉപരോധിക്കാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ ഇരുപതാം വാർഡിൽ വീടിന് പുറകിൽ അപകടമുണ്ടാകും വിധം 20 അടിയിലധികം താഴ്ചയിൽ മണ്ണെടുക്കുന്നതിനെയാണ് പെൺകുട്ടി എതിർത്തത്.  ഇനിയും മണ്ണെടുപ്പ് തുടര്‍ന്നാല്‍ സ്വന്തം വീട് നശിക്കുമെന്ന് ഉറപ്പായപ്പോഴാണ് പ്രതികരിച്ചതെന്ന് ഡിഗ്രി വിദ്യാർത്ഥിനിയായ അക്ഷയ വ്യക്തമാക്കിയിരുന്നു. എതിർത്തതോടെ പെൺകുട്ടിയെ മണ്ണെടുക്കാനെത്തിയ സംഘം ആക്രമിച്ചു. പരിക്കേറ്റ 20 വയസ്സുകാരി ഇപ്പോൾ മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ണെടുക്കാൻ ജിയോളജിയും പഞ്ചായത്തും റവന്യൂ ഉദ്യോഗസ്ഥരും അനുമതി നൽകിയിട്ടില്ലെന്നാണ് നാട്ടുകാരും പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മാറാടി വില്ലേജും പഞ്ചായത്തും അറിയിച്ചിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ
ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പോറ്റിയേ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ