
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ചര്‍ച്ചകള്‍ നടക്കണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. യുവതി പ്രവേശന കാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നത് ന്യായമായ ആവശ്യമാണ്. എന്നാൽ, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതി നൽകിയ സത്യവാങ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട ആവശ്യമില്ല. തിരുത്തിയ രീതിയിലാണ് സർക്കാരിന്‍റെ സമീപനമെന്നും മുൻകാല അനുഭവങ്ങൾ എൽഡിഎഫിനുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്കെതിരായ കേസുകൾ പിൻവലിച്ചാൽ അതിന്‍റെ ഗുണം സർക്കാരിന് ഉണ്ടാകും. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ പ്രതിപക്ഷം ഷണ്ഡന്മാരാണെന്നും അധിക്ഷേപിച്ചു.
പിണറായി വിജയൻ ഭക്തനാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പണ്ട് എന്തെങ്കിലും പിണറായി പറഞ്ഞു കാണും.പക്ഷേ പിണറായിയുടെ മനസ്സിൽ ഭക്തിയുണ്ടെന്നും അതുകൊണ്ട് ആണ് വേദിയിൽ അയ്യപ്പ വിഗ്രഹം സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിണറായി വിജയൻ തന്നെ രണ്ട് വട്ടം ഇവിടെ വന്നു. ശബരിമലയിൽ അയ്യപ്പനെ കാണാൻ വരുന്ന 90 ശതമാനം പേരും സിപിഎമ്മുകാരാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam