
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളിലെ ക്രമക്കേട് ഇടതു മുന്നണിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകുന്നു. ഹൈക്കോടതിയുടെ അന്വേഷണവും ദേവസ്വം മന്ത്രിയുടെ രാജിയുമായി പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മന്ത്രി വി എൻ വാസവൻ ഇന്നും പ്രതികരിച്ചില്ല. അതേ സമയം ഊരാളുങ്കലിന്‍റെ ഈവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തോട് അടക്കം തുക കുറയ്ക്കണമെന്ന് ആവശ്യപ്പെടാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നീക്കം.
രാഷ്ട്രീയ നേട്ടം കൂടി ഉന്നമിട്ടായിരുന്നു പമ്പയിൽ ആഗോള അയ്യപ്പ സംഗമം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ചത്. എന്നാൽ അതിപ്പോള്‍ രാഷ്ട്രീയമായി തിരിഞ്ഞു കൊത്തുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയിൽ കടുത്ത പ്രതിരോധത്തിലായിതിനിടെയാണ് അയ്യപ്പ സംഗമത്തിലെ വരവു ചെലവു കണക്കുകളിൽ ക്രമക്കേടെന്ന് ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മീഷണറുടെ കണ്ടെത്തൽ ഇടതു മുന്നണിയെ കുഴപ്പത്തിലാക്കുന്നത്.
സ്പോണ്‍സര്‍ഷിപ്പ് തുക തിരിച്ചടച്ചെന്നാണ് ദേവസ്വം മന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ ബോര്‍ഡ് അക്കൗണ്ടിൽ നിന്ന് ചെലവഴിച്ചതിൽ 2 കോടി തിരിച്ചടച്ചില്ലെന്നാണ് സ്വകാര്യ ഓഡിറ്ററുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ സ്പെഷൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. മന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നാലെ അയ്യപ്പ സംഗമത്തിലെ ക്രമക്കേടും യുഡിഎഫ് ആയുധമാക്കുമ്പോള്‍ മന്ത്രി പ്രതികരിക്കുന്നില്ല. കണക്ക് ദേവസ്വം ബോര്‍ഡ് ശരിയാക്കുമെന്നാണ് സിപിഎം പ്രതികരണം.
ഊരാളുങ്കലിന് മാത്രം നൽകാനുള്ളത് നാല് കോടിയിലധികം രൂപ. ഇത് കുറയ്ക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടും. സ്പോണ്‍സര്‍മാര്‍ വാഗ്ദാനം ചെയ്ത പണം വാങ്ങിയെടുക്കാനും ശ്രമിക്കും. ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാനുള്ള സമയപരിധിക്കുള്ളിൽ ഇടപാടുകൾ തീര്‍ക്കാനാണ് നീക്കം. ചൊവ്വാഴ്ചത്തെ ബോര്‍ഡ് യോഗത്തിൽ തീരുമാനമെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam