തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ആഗോള അയ്യപ്പ സംഗമത്തിന് പരിപൂർണ്ണ പിന്തുണ അല്ലെന്നാണ് എൻഎസ്എസിന്റെ വിശദീകരണം. ആചാരത്തിന് കോട്ടം ഇല്ലെങ്കിൽ നല്ലത്. സമിതി നേതൃത്വ രാഷ്ട്രീയ മുക്തമാകണമെന്ന നിർദേശവും എൻഎസ്എസ് മുന്നോട്ട് വെച്ചു. ഉപാധികളോടെയാണ് പിന്തുണ എന്ന് അറിയിച്ച ജി സുകുമാരൻ നായർ സമിതിയിൽ അയ്യപ്പ ഭക്തർ വേണമെന്നും നിർദ്ദേശിച്ചു. നിലവിൽ മുഖ്യമന്ത്രിയാണ് മുഖ്യ രക്ഷാധികാരി. സമിതിയിൽ മന്ത്രിമാരുമാണ് അംഗങ്ങൾ.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതിൽ എൻഎസ്എസിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ശബരിമല പ്രക്ഷോഭ കേസുകളുടെ പേരിൽ കരയോഗാംഗങ്ങള്‍ക്കും മക്കള്‍ക്കും പാസ്പോര്‍ട്ട് പോലും എടുക്കാനായില്ലെന്ന് എൻഎസ്എസ് ഓര്‍ക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. എൻഎസ്എസ് പിന്തുണയ്ക്കുമ്പോള്‍ സംഗമം ഇലക്ഷൻ സ്റ്റണ്ടെന്ന് സംശയിക്കുയാണെന്നാണ് യോഗക്ഷേമ സഭ പ്രതികരിച്ചത്. അതേസമയം, എൻഎസ്എസ് പിന്തുണ ഊര്‍ജ്ജവും പ്രോത്സാഹനവുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രതികരിച്ചു.
യുവതിപ്രവേശന വിധി നടപ്പാക്കാൻ ഇറങ്ങിയ സര്‍ക്കാരിനതിരെ നാമജപ ഘോഷയാത്രയും സമരവുമായി കൈകോര്‍ത്തവര്‍ ആഗോള അയ്യപ്പ സംഗമത്തിൽ ഇരുവഴിയിലായി. ആചാരലംഘനത്തിനെതിരെ സംഘ പരിവാര്‍ സംഘടനകള്‍ക്ക് മുന്പെ തെരുവിലിറങ്ങിയ എൻഎസ്എസിന് ഇപ്പോള്‍ സര്‍ക്കാരിൽ വിശ്വാസം അര്‍പ്പിക്കുന്നത്. പഴയകാലം ചര്‍ച്ച ചെയ്യേണ്ടെന്ന് പറയുന്ന സംഘടന സംഗമം ശബരിമല വികസനത്തിനെന്ന് സര്‍ക്കാരിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും വാക്ക് ഏറ്റു പറയുന്നു. പഴയതെല്ലാം മാറ്റിവച്ച് ശബരിമലയിൽ ഇടത് സര്‍ക്കാരിനെ എൻഎസ്എസ് പിന്തുണയ്ക്കുന്നതിലെ കുഴപ്പം മണത്താണ് ബിജെപി വിമര്‍ശിക്കുന്നത്.
ബിജെപി എതിര്‍ക്കുമ്പോഴും സെപ്തംബര്‍ 20ന് നടക്കുന്ന അയ്യപ്പ സംഗമത്തിലേയ്ക്ക് കേന്ദ്രമന്ത്രിമാരെ അടക്കം ക്ഷണിച്ചു. ബിജെപി അടക്കം എല്ലാ പാര്‍ട്ടികളെയും ക്ഷണിക്കുമെന്നും പ്രതിപക്ഷ നേതാവിനെ നേരിട്ട പോയി വിളിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. ഭൂരിപക്ഷ വർഗീയത വളർത്താനാണ് സംഗമമെന്ന് ആരോപിച്ച വിഡി സതീശൻ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam