ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വർണത്തിലും വെളളിയിലും കുറവ്; സ്ട്രോംഗ് റൂം പരിശോധിക്കും

By Web TeamFirst Published May 26, 2019, 11:23 AM IST
Highlights

40 കിലോ സ്വർണത്തിന്‍റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്. സ്വർണവും വെള്ളിയും സ്ട്രോംങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ല.

തിരുവനന്തപുരം: ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ്. 40 കിലോ സ്വർണത്തിന്‍റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്. ഓഡിറ്റിംഗിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതേസമയം, സ്വർണവും വെള്ളിയും സ്ട്രോംങ് റൂമിലേക്ക് മാറ്റിയതിന് രേഖകളുമില്ല. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തും.

എവിടേക്കാണ് ഈ സ്വർണവും വെള്ളിയും കൊണ്ടുപോയതെന്ന് ഒരു രേഖകളുമില്ല. ഈ സ്വർണം രേഖകളില്ലെങ്കിലും സ്ട്രോങ് റൂമിലേക്ക് എത്തിയോ എന്നാണ് ഇനി പരിശോധിക്കേണ്ടത്. അതിനായി നാളെ ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് സംഘം നാളെ സ്ട്രോങ് റൂം തുറക്കും, പരിശോധന നടത്തും. നാളെ 12 മണിക്കാണ് സ്ട്രോങ്ങ്‌ റൂം മഹസർ പരിശോധിക്കുക. 2017 മുതൽ മൂന്ന് വർഷത്തെ വഴിപാടുകൾ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് നിലവിൽ രേഖകളില്ല. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ സ്ട്രോങ് റൂം മഹസ്സർ ആറന്മുളയിലാണ്. ഇവിടെ എത്തിയാകും പരിശോധന.

ഭക്തർ വഴിപാടായും ഭണ്ഡാരം വഴിയും ശബരിമല ക്ഷേത്രത്തിന് നൽകിയ നാൽപ്പത് കിലോ സ്വർണ്ണം, നൂറ്റി ഇരുപത് കിലോയിലേറെ വെള്ളി എന്നിവയാണ് സ്ട്രാംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. 2017- മുതലുള്ള കണക്കുകളിലാണ് പൊരുത്തക്കേടുകൾ ഉള്ളത്. വഴിപാടായി ഭക്തർ ശബരിമല ക്ഷേത്രത്തിന്  നൽകുന്ന സ്വർണത്തിന്  3 എ രസീത് നൽകും. തുടന്ന് സ്വർണത്തിന്‍റെയും വെള്ളിയുടേയും അളവ് ശബരിമലയുടെ 4 ആം നമ്പർ  രജിസ്റ്ററിൽ രേഖപ്പെടുത്തും. ഇങ്ങനെ രേഖപ്പെടുത്തിയ സ്വർണം, വെള്ളി എന്നിവ സ്ട്രോംഗ് റൂമിലേക്ക് മാറ്റുകയോ ശബരിമല ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്താൽ അത് എട്ടാം കോളത്തിൽ രേഖപ്പെടുത്തണം എന്നുമാണ് വ്യവസ്ഥ.

എന്നാൽ, 40 കിലോ സ്വർണത്തിന്‍റെ കാര്യം രേഖകളില്ല. ഈ സാഹചര്യത്തിലാണ് ശബരിമലയുടെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലുള്ള  സ്ട്രോംഗ് റൂം മഹസർ പരിശോധിക്കുന്നത്. നാളെ സ്ട്രോംഗ് റൂം തുറന്ന് മഹസർ പരിശോധക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്ക് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം റിപ്പോർട്ട് നൽകി. സ്ട്രോംഗ് റൂം മഹസറിൽ ഈ സ്വർണം എത്തിയതിന് രേഖയില്ലെങ്കിൽ മാത്രമാകും സ്വർണ്ണം തൂക്കി നോക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുക. സ്ട്രോംഗ് റൂം ചുമതലയുള്ള അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് നാളെ പരിശോധന.

click me!