സ്വര്‍ണപ്പാളി വിവാദം; കടുത്ത സമരത്തിലേക്ക് കോൺഗ്രസ്, മേഖലാജാഥകൾ സംഘടിപ്പിക്കാന്‍ തീരുമാനം

Published : Oct 06, 2025, 07:50 PM IST
Gold Plate Controversy

Synopsis

സ്വർണ്ണപ്പാളി വിവാദത്തില്‍ കടുത്ത സമരത്തിലേക്ക് നീങ്ങാന്‍ കോൺഗ്രസ്. സംസ്ഥാനവ്യാപകമായ് നാല് മേഖലാജാഥകൾ നടത്താനാണ് തീരുമാനം

തിരുവനന്തപുരം: സ്വർണ്ണപ്പാളി വിവാദത്തില്‍ കടുത്ത സമരത്തിലേക്ക് നീങ്ങാന്‍ കോൺഗ്രസ്. സംസ്ഥാനവ്യാപകമായ് നാല് മേഖലാജാഥകൾ നടത്താനാണ് തീരുമാനം. പന്തളത്ത് ജാഥകളും മഹാസമ്മേളനവും സംഘടിപ്പിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാനുള്ള കോണ്‍ഗ്രസിന്‍റെ തീരുമാനം. വിവാദത്തിൽ എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. സംഭവത്തിൽ ഉദ്യോഗസ്ഥ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതടക്കം അന്വേഷണപരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിൽ 1999ൽ ദ്വാരപാലക ശില്പത്തിൽ സ്വർണ്ണം പൊതിഞ്ഞെങ്കിൽ പിന്നെന്തിന് 20വർഷങ്ങൾക്ക് ശേഷം വീണ്ടും സ്വർണ്ണം പൂശി. പൂശിയത് സ്വർണ്ണത്തിലോ അതോ ചെമ്പിലോ? ഹൈക്കോടതിയുടെ ഈ സംശയങ്ങളിലൂന്നിയുള്ള ചോദ്യങ്ങൾ വഴിതുറന്നത് ശബരിമലയിൽ നടന്ന വലിയ തട്ടിപ്പിലേക്കെന്നാണ് നിലവിൽ പുറത്ത് വന്ന വിവരങ്ങൾ. വിവാദത്തിൽ വ്യക്തത വരുത്താൻ എസ് പി റാങ്കിലുള്ള ചീഫ് സെക്യൂരിറ്റി ഓഫീസറെയാണ് കോടതി അന്വേഷണത്തിന് ആദ്യം നിയോഗിച്ചത്.

എന്നാൽ ഈ അന്വേഷണത്തിലെ ഇടക്കാല റിപ്പോർട്ടിൽ തന്നെ ഗുരുതര കണ്ടെത്തലുകൾ കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിനെ കോടതി നേരിട്ട് നിയോഗിച്ചത്. ഇന്ന് ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ട് ഉദ്യോഗസ്ഥൻ നേരിട്ടെത്തി കോടതിയിൽ ഹാജരാക്കി. ഗുരുതര വീഴ്ചയിലേക്ക് വിരൽ ചൂണ്ടുന്ന റിപ്പോർട്ടിലെ വിശദാംശങ്ങൾ പരിഗണിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ കോടതി പ്രഖ്യാപിച്ചത്. ക്രൈം ബ്രാഞ്ച് മേധാവിയായ എ ഡി ജി പി എച്ച് വെങ്കിടേശ് സംഘത്തലവൻ. മികച്ച ട്രാക്ക് റെക്കോർഡുള്ള പൊലീസ് അക്കാദമി അസിസ്റ്റൻഡ് ഡയറക്ടറായ എസ് പി എസ് .ശശിധരനെയും ടീമിൽ ഉൾപ്പെടുത്താൻ കോടതി നിർദ്ദേശം നൽകി. സ്പോൺസറും ദേവസ്വം ബോർഡും തമ്മിലെ മെയിൽ ഇടപാടുകളടക്കം സംശയമുനയിൽ ആയ സാഹചര്യത്തിൽ സൈബർ വിദഗ്ധരും ടീമിലുണ്ട്. രഹസ്യ സ്വഭാവത്തിൽ അന്വേഷണം പൂ‍ർത്തിയാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

കോടതി നിർദേശിച്ച അന്വേഷണ ഉദ്യോഗസ്ഥരെ ടീമിലേക്ക് വിട്ട് നൽകാൻ കഴിയുമോ എന്നത് വെള്ളിയാഴ്ചയ്ക്കകം സർക്കാർ കോടതിയെ അറിയിക്കണം. റിട്ട.ജഡ്ജി കെ ടി ശങ്കരനും ശബരിമലയിലെ സ്വർണ്ണമടക്കമുള്ള വസ്തുക്കളെ മൂല്യനിർണ്ണയത്തിന് ദേവസ്വം ബെഞ്ച് നിയോഗിച്ചിരുന്നു. ദേവസ്വം വിജിലൻസിന്റെ അന്വേഷണം പൂർത്തിയാക്കുമെന്നും സ്ട്രോങ് റൂം തുറന്ന് പരിശോധിക്കുമെന്നും വിജിലൻസ് ഇന്ന് കോടതിയെ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ