ലൈഫ് മിഷനിലെ കമ്മീഷനെകുറിച്ച് അറിയില്ലായിരുന്നുവെന്ന് ശിവശങ്കർ; പറഞ്ഞിട്ടില്ലെന്ന് സ്വപ്നയും

By Web TeamFirst Published Sep 25, 2020, 7:48 AM IST
Highlights

സ്വപ്നയുമായുള്ള കൂടിക്കാഴ്ചകൾ വ്യക്തിപരമാണെന്നും കളളക്കടത്തുമായി ബന്ധമില്ലെന്നും ശിവശങ്കർ വ്യക്തമാക്കി. ഒരു കോടി കമ്മീഷൻ കിട്ടിയത് ശിവശങ്കറിനോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷും ആവർത്തിച്ചു.

കൊച്ചി: വിമാനത്താവള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ വിശദാംശങ്ങൾ പുറത്ത്. രണ്ട് കാര്യങ്ങളിലാണ് എൻഐഎ ഇന്നലെ വ്യക്തത തേടിയത്. ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് ശിവശങ്കരൻ അറിഞ്ഞിരുന്നോവെന്നും സ്വപ്നയുടെയും –ശിവശങ്കരൻറെയും കൂടിക്കാഴ്ചകൾക്ക് കളളക്കടത്തുമായി ബന്ധമുണ്ടോയെന്നും. എൻഐഎക്ക് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് അറിഞ്ഞിരുന്നില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി. ഒരു കോടി കമ്മീഷൻ കിട്ടിയത് ശിവശങ്കറിനോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷും ആവർത്തിച്ചു. സ്വപ്നയുമായുള്ള കൂടിക്കാഴ്ചകൾ വ്യക്തിപരമാണെന്നും കളളക്കടത്തുമായി ബന്ധമില്ലെന്നും ശിവശങ്കർ വ്യക്തമാക്കി. ഇരുവരും തമ്മിലുളള കൂടിക്കാഴ്ചകളുടെ തീയതികളിലും വ്യക്തത വരുത്തി. ശിവശങ്കർ പറഞ്ഞ തീയതികളിലാണ് കൂടിക്കാഴ്ചകളെന്ന് വ്യക്തമായി. മൊഴി പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് എൻഐഎ വൃത്തങ്ങൾ അറിയിക്കുന്നത്

വിമാനത്താവള സ്വർണക്കളളക്കടത്തുകേസിൽ സ്വപ്ന സുരേഷിൻറെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അവസാന വട്ട ചോദ്യം ചെയ്യലുകൾക്കുശേഷം സ്വപ്നയെ ഉച്ചയോടെ എൻഐഎ കോടതിയിൽ ഹാജരാക്കും. സ്വപ്നയുടെ വാട്സ്ആപ്, ടെലഗ്രാം ചാറ്റുകളുടെ
അടിസ്ഥാനത്തിലായിരുന്നു മൂന്നുദിവസത്തെ ചോദ്യം ചെയ്യൽ. ശിവശങ്കറിനെ ചോദ്യം ചെയ്തതിൻറെ വിശദാംശങ്ങളും എൻഐഎ ഇന്ന് കോടതിയിൽ അറിയിച്ചേക്കും. 

click me!