മതഗ്രന്ഥം കൊണ്ടുവന്നതിൽ അന്വേഷണം: സി ആപ്ടിൽ വീണ്ടും എൻഐഎ പരിശോധന, ജീവനക്കാരുടെ മൊഴി എടുത്തു

By Web TeamFirst Published Sep 22, 2020, 3:40 PM IST
Highlights

യുഎഇ കോൺസുലേറ്റിൽ നിന്ന് വിതരണം ചെയ്ത മതഗ്രന്ഥങ്ങൾ മന്ത്രി കെ ടി ജലീലിന്‍റെ നി‍ർദേശപ്രകാരം സി ആപ്ടിലാണ് എത്തിച്ചത്. ഇവിടെ നിന്നാണ് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത്. 

തിരുവനന്തപുരം: നയതന്ത്രബാഗ് വഴി യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തിൽ സി ആപ്റ്റിൽ വീണ്ടും എൻഐഎയുടെ പരിശോധന. അന്വേഷണസംഘം ജീവനക്കാരുടെ മൊഴിയെടുക്കുന്നു. സി- ആപ്റ്റിൽ നിന്നും മതഗ്രന്ഥം കൊണ്ടുപോയ വാഹനം എൻഐഎ പരിശോധിച്ചു. ഡ്രൈവറെയും ചോദ്യം ചെയ്തു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി -ആപ്റ്റില്‍ എത്തിച്ച 32 പാക്കറ്റ് മതഗ്രന്ഥങ്ങള്‍ ഇവിടുത്തെ വാഹനത്തിലാണ് പല സ്ഥലങ്ങളിൽ എത്തിച്ചത്. 

യുഎഇ കോൺസുലേറ്റിൽ നിന്ന് വിതരണം ചെയ്ത മതഗ്രന്ഥങ്ങൾ മന്ത്രി കെ ടി ജലീലിന്‍റെ നി‍ർദേശപ്രകാരം സി ആപ്ടിലാണ് എത്തിച്ചത്. ഇവിടെ നിന്നാണ് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത്. ഇക്കാര്യത്തിൽ കസ്റ്റംസ് ശേഖരിച്ച വിവരങ്ങൾ കൂടി അടിസ്ഥാനമാക്കിയാണ് എൻഐഎ പരിശോധന. സി ആപ്ടിലെ സ്റ്റോർ കീപ്പർമാർ അടക്കമുളളവരുടെ മൊഴി എൻഐഎ രേഖപ്പെടുത്തി. മതഗ്രന്ഥങ്ങൾ കൊണ്ടുപോയ വാഹനങ്ങളുടെ വിശദാംശങ്ങളും ശേഖരിച്ചു. കോൺസുലേറ്റിൽ നിന്ന് കൈമാറിയ 32 പാക്കറ്റുകളാണ് ഇവിടെ കൊണ്ടുവന്നത്. 

അതേസമയം, കളളക്കടത്ത് സംബന്ധിച്ച കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി മുഖ്യപ്രതി സ്വപ്ന സുരേഷിനെ എൻ ഐ എ കസ്റ്റഡിയിൽ വാങ്ങി. നാല് ദിവസത്തേക്കാണ് കൊച്ചിയിലെ എൻ ഐ എ കോടതി സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വിട്ടത്. സ്വപ്നയുടെ വാട്സ് ആപ്, ടെലിഗ്രാം ചാറ്റുകളെ അടിസ്ഥാനമാക്കി കളളക്കടത്ത് സംബന്ധിച്ച കൂടുതൽ വിവരശേഖരണത്തിനാണിത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ വീണ്ടും വിളിച്ചുവരുത്തുമെന്ന് സൂചനയുണ്ട്. കേസിലെ മൂന്നാം പ്രതി സന്ദീപ്, പതിനഞ്ചാം പ്രതി അബ്ദു എന്നിവ‍ർക്ക് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 60 ദിവസും കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സ്വഭാവിക ജാമ്യം നൽകിയത്. എന്നാൽ എൻ ഐ എ കേസിൽ റിമാൻഡിൽക്കഴിയുന്നതിനാൽ പുറത്തിറങ്ങാനാകില്ല. 

ഇതിനിടെ, പ്രധാനപ്രതികളെ ജയിലിൽപ്പോയി ചോദ്യം ചെയ്യാൻ ആദായനികുതി വകുപ്പിന് കോടതി അനുമതി നൽകി. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് അടക്കം 9 പ്രതികളെ ജയിലിൽപ്പോയി ചോദ്യം ചെയ്യാൻ കോടതി ആദായ നികുതി വകുപ്പിന് അനുമതി നൽകി. നികുതി വെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസാണ് ആദായ നികുതി വരുപ്പ് പരിശോധിക്കുന്നത്. 

click me!