
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തും സ്വപ്ന സുരേഷും രണ്ടുവർഷത്തിലേറെയായി ഒന്നിച്ചാണ് പ്രവർത്തിച്ചിരുന്നത്. തിരുവനന്തപുരം തിരുവല്ലം സ്വദേശിയായ സരിത്ത് യുഎഇ കോൺസുലേറ്റിൽ ജോലിക്ക് കയറുന്നത് മൂന്ന് വർഷം മുൻപാണ്.
ആറ് വർഷത്തോളം ഗൾഫിൽ ബാങ്കിംഗ് രംഗത്തായിരുന്നു സരിത്തിന് ജോലി. 2016 ലാണ് സരിത്ത് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. യുഎഇ കോൺസുലേറ്റിൽ ജോലി കിട്ടിയതോടെയാണ് സരിത്തും സ്വപ്നയും തമ്മിൽ പരിചയത്തിലാകുന്നത്. സ്വപ്നക്ക് കീഴിലായിരുന്നു സരിത്ത് ജോലി ചെയ്തിരുന്നത്. സ്വപ്ന കോൺസുലേറ്റ് ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറിയും സരിത്ത് പിആർഒയുമായിരുന്നു. സരിത്തിന്റെ അച്ഛനമ്മമാരും ഭാര്യയുമായി അക്കാലത്ത് സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സ്വപ്നയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് കുടുംബ ബന്ധം തകരാറിലായതെന്നും വിവാഹമോചനത്തിലെത്തിയതെന്നും സരിത്തിന്റെ മുൻ ഭാര്യയുടെ പിതാവ് പറയുന്നു. സ്വപ്നയുമായുളള അടുപ്പം സരിത്തിന്റെ കുടുംബാംഗങ്ങൾക്ക് അറിയാമായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
വിസ സ്റ്റാംപിങ്ങിന്റെ പേരിലുളള പ്രശ്നങ്ങളെ തുടർന്നാണ് സ്വപ്നയെയും സരിതിനെയും കോണസുലേറ്റിൽ നിന്നും പുറത്താക്കിയത്. പിന്നീട് സരിത് മറ്റ് സ്ഥാപനങ്ങളിലൊന്നും ജോലിക്ക് കയറിയിരുന്നില്ല. രണ്ടുപേരും കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും തുടർന്നു. കോൺസുലേറ്റിനുവേണ്ടി പല കാര്യങ്ങളും ഇവർ ചെയ്തുപോന്നു. ഇതിനിടെ ഐടി വകുപ്പിലെത്തിയ സ്വപ്നയും സരിത്തും തലസ്ഥാനത്ത് പിആർ സംഘമെന്ന പോലെ പ്രവർത്തിച്ചു. ഉന്നതർ പങ്കെടുത്ത പരിപാടികളിലെല്ലാം സ്വപ്നക്കൊപ്പം സരിത്തും ഉണ്ടായിരുന്നു. രാഷ്ട്രീയനേതാക്കളെയും ഉദ്യോഗസ്ഥരെയും പലപ്പോഴും ഇവർ ഒരുമിച്ചാണ് സന്ദർശിക്കാറുള്ളത്. സരിത്തിന്‍റെ അച്ഛനും അമ്മയും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. കേസിനെ കുറിച്ച് പ്രതികരിക്കാൻ സരിത്തിന്റെ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല. തിരുവനന്തപുരം തിരുവല്ലത്തെ സരിതിന്റെ വീട്ടിൽ ഇപ്പോൾ ചില ബന്ധുക്കളാണ് താമസിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam